ഒരു നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ഷാജി കൈലാസ് – പൃഥ്വിരാജ് ടീമിന്റെ ‘കടുവ’ തീയറ്ററില്‍ റിലീസ് ചെയ്തത്. കേരളത്തിനും പുറത്തുമുള്ള തീയറ്ററില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒ. ടി. ടി റിലീസിനായി കാത്തിരിക്കുകയാണ് വലിയൊരു വിഭാഗം പ്രേക്ഷകരും. എന്നാലിതാ ഈ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ജോസ് കുരുവിനാകുന്നേല്‍ എന്ന ഒറിജിനല്‍ കുറുവച്ചന്.

‘കടുവ’യിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും അതുകൊണ്ട് തന്നെ തനിക്കും കുടുംബത്തിനും ചിത്രം അവമതിപ്പ് ഉണ്ടാക്കുമെന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നുമാണ് കുറുവച്ചന് പരാതി നല്‍കിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന് എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് കടുവയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് മാറ്റി കടുവാക്കുന്നേല്‍ കുര്യാച്ചന് എന്നാക്കി മാറ്റിയതിന് ശേഷമാണ് ഈ സിനിമ തീയേറ്ററിലെത്തിയത്.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടു കൂടി ഇന്ത്യക്കു പുറത്തു റിലീസ് ചെയ്തപ്പോള്‍ കഥാപാത്രത്തിന്റെ പേര് മാറ്റിയില്ല എന്നു ഹര്ജിക്കാരന് ആരോപിക്കുന്നു. ലോകത്ത് എവിടെ ചിത്രം റിലീസ് ചെയ്താലും കോടതി പറഞ്ഞതനുസരിച്ചായിരിക്കണം റിലീസ് എന്നും, ഇപ്പോള്‍ നടന്നത് ഹൈക്കോടതിയുടെ പരാമര്‍ശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ ചിത്രം വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന്റെ രേഖകള്‍ തെളിവായി സമര്‍പ്പിച്ചു കൊണ്ടാണ് കുറുവച്ചന് കോടതിയില്‍ എത്തിയത്. ഏതായലും കുറുവച്ചന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ചിത്രത്തിന്റെ നിമാതാക്കള്ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.