പ്രണവ് അത്ഭുതപ്പെടുത്തി…  മുന്പ് ബോംബെ അധോലോകത്തിലായിരുന്നു…. നല്ലവനായപ്പോള്‍ സിനിമയില്‍ വന്നതാണെന്ന് മാഫിയ ശശി

സിനിമാ നടന്‍ ആകണമെന്ന ആഗ്രഹവുമായി ചലചിത്ര ലോകത്തേക്ക് കടന്ന്  വരുകയും പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറി ദേശീയ തലത്തില്‍പ്പോലും അംഗീകരിക്കപ്പെടുകയും ചെയ്ത ആക്ഷന്‍ കൊറിയോ​ഗ്രാഫറാണ് മാഫിയ ശശി. നാല് പതിറ്റാണ്ടുകളായി മലയാള ചലചിത്ര ലോകത്ത് അദ്ദേഹം ഉണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു അം​ഗീകാരം ലഭിക്കുന്നത് ഇപ്പോഴാണ്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആക്ഷന്‍ കൊറിയോ​ഗ്രഫിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇതുവരെയുള്ള തന്‍റെ സിനിമാ ജീവിതത്തിനിടെ ആയിരത്തിലധികം സിനിമകളുടെ ഭാഗമായി  മാഫിയ ശശി. ഇതുവരെ ആയിരത്തിലധികം സിനിമകള്‍ ചെയ്തിട്ടും ഒരു അപകടവും അദ്ദേഹത്തിന്‍റെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല.

ശശിധരന്‍ എന്നാണ് മാഫിയ ശശിയുടെ യഥാര്‍ഥ പേര്. കണ്ണൂര്‍ ചിറയിന്‍കീഴ് സ്വദേശിയാണ്. തന്‍റെ സിനിമാ ജീവിതത്തെ കുറിച്ച് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ആദ്യം ഫൈറ്റ് മാസ്റ്റര്‍ ആകുന്നത് മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസിലായിരുന്നു. മാഫിയ എന്ന സിനിമയുടെ ഫൈറ്റ് ചെയ്യുന്നതോടെയാണ് മാഫിയ എന്ന പേര് ശശിയുടെ പേരിനൊപ്പം ചേരുന്നത്.

മലയാളത്തില്‍ ഇറങ്ങിയ മാഫിയ പിന്നീട് ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോള്‍ ധര്‍മ്മേന്ദ്രയായിരുന്നു അതില്‍ അഭിനയിച്ചത്. അദ്ദേഹമാണ് മാഫി എന്ന് വിളിച്ച്‌ പിന്നീട് മാഫിയ ശശിയായി മാറിയതെന്നു അദ്ദേഹം പറയുന്നു. 

മാഫിയ എന്ന ചിത്രത്തില്‍  പതിനാല് ഫൈറ്റുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സ്ത്രീകളൊക്കെ തന്‍റെ പേരിനെ കുറിച്ച്‌ ചോദിക്കുമ്പോള്‍ പറയുന്നത് മുൻപ് ബോംബെയിലെ അ​ധോലോകത്തായിരുന്നു എന്നും പിന്നീട് നല്ലവനായപ്പോഴാണ് സിനിമയില്‍ വന്നതെന്നുമാണ്. 

മമ്മൂട്ടിയും മോഹന്‍ലാലും വളരെ വ്യത്യസ്തമായ രീതിയില്‍ സ്റ്റണ്ട് ചെയ്യുന്നവരാണ്. സുരേഷ് ​ഗോപി ഒരു പ്രത്യേക പവറില്‍ ആണ് ആക്ഷന്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. പല സംവിധായകരും തന്നോട് പറയുന്നത്  നാച്വറല്‍ ഫൈറ്റ് മതിയെന്നാണ്. നാച്വറല്‍ അല്ലാത്തതിന് മലയാളത്തില്‍ സ്വീകാര്യത കുറവാണ്. മലയാളത്തിലെ താരങ്ങളൊന്നും തന്നെ ഡ്യൂപ്പിനെ വെക്കാന്‍ അനുവദിക്കാറില്ലന്നു മാഫിയ ശശി പറയുന്നു.

സ്റ്റണ്ടിലൂടെ തന്നെ അത്ഭുതപ്പെടുത്തിയത് പ്രണവാണ്. ജോഷി, ഷാജി കൈലാസ്, സച്ചി  എന്നിവരാണ് സ്റ്റണ്ട് കൂടുതലായും ഉപ​യോ​ഗിക്കുന്നത്. അവരുടെ ഉള്ളിലും ഒരു നല്ല ഫൈറ്റ് മാസ്റ്ററുണ്ടെന്ന് മാഫിയ ശശി പറയുന്നു.

Leave a Reply

Your email address will not be published.