ഏറ്റവും നല്ല പിന്നണി ഗായിക നഞ്ചിയമ്മ ആണെന്നാണ് ജൂറി പറഞ്ഞത്. അല്ലാതെ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക ആണെന്നല്ല…. ഒരു നല്ല നടനെ തിരഞ്ഞെടുക്കുമ്പോള്‍ എത്ര റീടേക്ക് എടുത്തുവെന്നു അന്വേഷിക്കാറില്ല,  ഹരീഷ് ശിവരാമകൃഷ്ണന്‍

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതു നഞ്ചിയമ്മയ്ക്ക് ലഭിച്ചതാണെന്നായിരുന്നു പൊതുവേ ഉള്ള വിലയിരുത്തല്‍. എന്നാല്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് പല വിധ വിവാദങ്ങളും ഉയര്‍ന്നു വരികയും ചെയ്തു.

നഞ്ചിയമ്മയ്ക്ക് ലഭിച്ച പുരസ്കാരത്തെ വിമര്‍ശിച്ച്‌ സംഗീതജ്ഞന്‍ ലിനുലാല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ, നഞ്ചിയമ്മയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ​ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്. 

ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേര്‍തിരിവ് ഒരിയ്ക്കലും സംഗീതത്തില്‍ സാധ്യമല്ലന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലളിതമായ പലതും പാടാന്‍ വളരെ ബുദ്ധിമുട്ട് ആണ്. കര്‍ണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് ആണ്, നല്ല ഗായകന്‍ ആവാന്‍ അത് സഹായിക്കും.

എന്നാല്‍ ശാസ്ത്രീയ സംഗീതം പഠിച്ചതുകൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും വഴങ്ങുമെന്നത് വലിയ തെറ്റിദ്ധാരണ ആണ്. കര്‍ണാടക സംഗീതം പഠിച്ചാല്‍ എന്തും പാടാമെന്ന് പറയുന്നത് തെറ്റ് ആണ്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. വളരെ ശ്രമകരമായ ഒന്നാണ് context switching . നന്നായി കര്‍ണാടക സംഗീതം ആലപിക്കുന്ന പലര്‍ക്കും നന്നായി ഗസല്‍ പാടാന്‍ പറ്റില്ല. ഗസല്‍ നന്നായി പാടുന്ന പലര്‍ക്കും നാടന്‍ പാട്ടു പാടാനും പറ്റില്ല.

നഞ്ചിയമ്മയുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയില്‍ വളരെ മികച്ചതാണ്. ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാള്‍ക്ക് പാടാന്‍ കഴിയില്ല. അത് കൊണ്ടു തന്നെ അര്‍ഹിച്ച അംഗീകാരമാണ് അവര്‍ക്ക് ലഭിച്ചതെന്ന് ഹരീഷ് പറയുന്നു. melodyne , autotune തുടങ്ങിയവയൊക്കെ ഒരു നല്ല സംഗീതം ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക മാര്‍ഗങ്ങളാണ്. അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കുന്നതിന് അയാളുടെ raw voice അല്ല നോക്കുന്നത്? ഒരു നല്ല നടനെ തിരഞ്ഞെടുക്കാന്‍ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത footage അല്ല കാണുന്നത് . അതിന് എത്ര റീടേക്ക് എടുത്തുവെന്നും അന്വേഷിക്കാറില്ല, അത് കൊണ്ട് തന്നെ ഇന്നുള്ള അവാര്‍ഡ് നിര്‍ണ്ണയം തീര്‍ത്തും ആ ഒരു പ്രോഡക്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഏറ്റവും നല്ല പിന്നണി ഗായിക നഞ്ചിയമ്മ ആണെന്നാണ് ജൂറി പറഞ്ഞത്. അല്ലാതെ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ട ഒരാള്‍ക്ക് കൊടുത്ത ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വര്‍ഗ്ഗത്തില്‍ ഉള്ള ഒരാളെ ഉദ്ധരിക്കാന്‍ നല്കിയ അവാര്ഡ് ആണെന്നുമുള്ള പ്രതികരണത്തോട് വിയോജിക്കുന്നു. അവരുടെ തനത് സംഗീത ശാഖയില്‍ വളരെ നല്ലൊരു ഗായിക ആയത് കൊണ്ടാണ് അവര്‍ക്ക് ഈ അംഗീകാരം ലഭിച്ചതെന്ന് ഹരീഷ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. 

Leave a Reply

Your email address will not be published.