പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് വിവാഹം ചെയ്തു ആ ബന്ധത്തില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു എന്നു കരുതി ഒരിയ്ക്കലും ആ പ്രതി ചെയ്ത കുറ്റം കുറ്റമല്ലാതാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഈ ഒരു കാരണം ചൂണ്ടിക്കാട്ടി ഒരിയ്ക്കലും പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്കാന് കഴിയില്ലന്നു കോടതി അറിയിച്ചു.

14 കാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ പ്രതിയായ 27കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്തിനിടെയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ഡിരട്ട ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. ആദ്യത്തെ
കുട്ടിയ്ക്ക് ആറു മാസം മാത്രം പ്രായമുള്ളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ഗര്‍ഭിണിയാക്കിയെന്നും പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും പിന്നീട് അവളെ വിവാഹം കഴിച്ചതിനുമാണ് പോക്സോ വകുപ്പ് അനുസരിച്ച് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതും റിമാന്‍ഡ് ചെയ്തതും.

2019 ല്‍ തന്റെ മകളെ കുറച്ച് അജ്ഞാതര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഹേബിയസ് കോര്‍പസ് അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ടു വര്‍ഷത്തിന് ശേഷം ഇരയെ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഈ സമയം എട്ടു മാസം പ്രായമുള്ള കുട്ടിയുടെ അമ്മ ആയിരുന്ന പെണ്‍കുട്ടി ഒന്നര മാസം ഗര്‍ഭിണിയും ആയിരുന്നു. പ്രതി ഇരയെ പ്രലോഭിപ്പിച്ച് ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍, പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണെന്നും ഇരയെയും കുട്ടികളെയും നോക്കേണ്ടത് ഹര്ജിക്കാരന് ആണെന്നും പ്രതിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ്
തട്ടിക്കൊണ്ടുപോകുന്നത്. അപ്പോള്‍ 14 വയസ്സും ആറ് മാസവുമായിരുന്നു
പ്രായമെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തെ എതിര്‍ത്തു. 18 ആം വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി വിവാഹിത ആയാല്‍ അവള്‍ക്ക് പല പ്രതിസന്ധികളെയും നേരിടേണ്ടതായി വരുമെന്നും കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതിനെ ബലാത്സംഗമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.