സിനിമയില്‍ ചാന്‍സ് ലഭിക്കുന്നതിനായി തന്നെ അവര്‍ താനുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു.പല തവണ പണം വാങ്ങി,… വാട്സ്‌ആപ്പ് ചാറ്റുകളും ചിത്രങ്ങളുമടക്കം വിജയ് ബാബു കോടതിയില്‍

യുവനടിയെ  ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് പരാതിക്കാരിയായ നടി അയച്ച വാട്സ്‌ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഉള്‍പ്പടെയുള്ള തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ദുബായില്‍നിന്ന് മെയ് 30ന് കൊച്ചിയില്‍ തിരികെ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ കോപ്പിയും ഇയാള്‍ താന്‍ നിരപരാതിയാണെന്നു വാദിക്കുന്ന തെളിവുകള്‍ക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. തന്‍റെ പുതിയ ചിത്രത്തില്‍  മറ്റൊരു നടിയെ നായികയാക്കിയതിനാണ് ലൈംഗിക പീഡനമാരോപിച്ച്‌ നടി പരാതി നല്‍കിയിരിക്കുന്നതെന്ന് വിജയ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

തനിക്ക് 2018 മുതല്‍ തന്നെ പരാതിക്കാരി ആയ നടിയെ പരിചയമുണ്ട്. അവര്‍ പലപ്പോഴായി തന്നില്‍ നിന്നും പണം കടമായി വാങ്ങിയിട്ടുണ്ട്. സിനിമയില്‍ ചാന്‍സ് ലഭിക്കുന്നതിനായി തന്നെ അവര്‍ ബന്ധപ്പെടാറുണ്ടായിരുന്നു. താന്‍ നടിയെ പീഡിപ്പിച്ചു എന്നു ആരോപിക്കുന്ന ദിവസത്തിന് ശേഷവും തന്‍റെ ബ്യൂട്ടി ക്ലിനിക്കില്‍ എത്തി ഭാര്യയുമായി അവര്‍  സംസാരിച്ചിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച്‌ തന്‍റെ പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരിയായ നടി ദേഷ്യപ്പെട്ടതായും മോശമായി സംസാരിച്ചതായും വിജയ് ബാബു പറയുന്നു. 

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ നാട്ടിലേക്ക് തിരികെ എത്തുന്നതിനുള്ള ടിക്കറ്റ് ഹാജരാക്കിയതിന് ശേഷം മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാം എന്നു കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് ജോര്‍ജിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന  വിജയ് ബാബു വീണ്ടും ദുബായില്‍ മടങ്ങി എത്തിയത്. ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിലെത്തിയാല്‍ ഉടന്‍ തന്നെ എമിഗ്രേഷന്‍ വിഭാഗം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും. ഇത് ഒഴിവാക്കുന്നതിനാണ് നടന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.