നവാഗതയായ റത്തീന സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശശി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ഓടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തില്‍, ബികെ കുട്ടപ്പനെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, നാടക നടനായ അപ്പുണ്ണി ശശിയാണ്. മികച്ച പ്രകടനമാണ് അദ്ദേഹം ഇതിലൂടെ കാഴ്ച്ച വച്ചിരിക്കുന്നത്.

സമൂഹ മാധ്യമത്തിലടക്കം വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതിയും മമ്മൂട്ടിയും ചിത്രത്തിലുടനീളം തന്നോട് സഹകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വാചാലനായത്.

സിനിമയിലുടനീളം പാര്‍വതിയും മമ്മൂക്കയും തന്നോട് സഹകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒപ്പം അഭിനയിക്കുന്നതിന് അവര്‍ രണ്ടുപേരും പ്രത്യേകിച്ച്, പാര്‍വതി കാണിച്ച മനസിന് അവരെ നമിക്കുന്നു. തന്റെ രൂപം, സിനിമയിലെ തന്റെ സ്ഥാനം ഒക്കെ വച്ച് അവരതിന് തയ്യാറായി. സിനിമയില്‍ തനിക്കുള്ള വാല്യൂ എല്ലാവര്ക്കും അറിയാവുന്നതാണ്. അത്രയും വാല്യൂ ഇല്ലാത്തൊരാളുടെ ജോഡിയായി അഭിനയിക്കാന്‍ തയ്യാറായതിന് പാര്‍വതിയോട് സ്നേഹവും ബഹുമാനവുമുണ്ട്.

മമ്മൂട്ടിയും പാര്‍വതിയും ആ വേഷങ്ങള്‍ ചെയ്യുമെന്ന ധൈര്യം സംവിധായികയ്ക്കും തിരക്കഥാകൃത്തുക്കളായ ഹര്ഷാദ്ക്കയ്ക്കും ഷറഫുനും സുഹാസിനും ഉണ്ടായിരുന്നു. നാടകത്തില്‍ നിന്ന് വരുന്നയാളായതുകൊണ്ട് നന്നായി പെര്‍ഫോം ചെയ്യുമെന്നറിയാം. എന്നാല്‍, സിനിമയില്‍ എന്ത് കാണിക്കുമെന്ന് ആര്‍ക്കും അറിയില്ല. ആ ആശങ്ക എല്ലാവരുടെയും പിന്തുണയും സഹായവും കൊണ്ട് മാറി. അത്രയും നല്ല പെരുമാറ്റമായിരുന്നു മുഴുവന്‍ ടീമിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നൂ അദ്ദേഹം പറഞ്ഞു.