ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലം വിളിച്ചു നേടിയ അമല്‍ മുഹമ്മദിന് കിട്ടില്ലന്നു ഏറെക്കുറെ ഉറപ്പായി. ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തു. ഥാര്‍ പുനര്‍ലേലം ചെയ്യുന്ന തീയതിയും മറ്റും പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും തീരുമാനമായി.

ആദ്യം ലേലം പിടിച്ചത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിന്മേലാണ് ഇപ്പോഴത്തെ ഈ നടപടി.
മഹീന്ദ്ര, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്കിയ ഥാര്‍ ലേലം വലിയ വിവാദമായിരുന്നു. ബഹ്റിനിലുള്ള പ്രവാസി അമല്‍ മുഹമ്മദ് അലിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്ക ആയി ലഭിച്ച ലിമിറ്റഡ് എഡിഷന് ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തില്‍ പിടിച്ചത്.

എന്നാല്‍ വാഹനത്തിന്റെ ലേലം കഴിഞ്ഞതോടെ വാഹനം കൈമാറുന്നതില്‍ ചില സങ്കീര്‍ണതകളുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹന്‍ദാസ് അറിയിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം കോടതിയില്‍ എത്തിക്കുമെന്ന് അമല്‍ മുഹമ്മദ് അലിയും പറഞ്ഞതോടെ മനസ്സ് മാറി അമലിന് വാഹനം കൊടുക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ പിന്നീട് വീണ്ടും നിലപാട് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ഥാര്‍ ലേലത്തിന് വച്ചത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15.10 ലക്ഷം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്.

ഇരുപത്തിയൊന്ന് ലക്ഷം രൂപ വരെ നല്കാന് തയ്യാറായിരുന്നുവെന്ന അമലിന്റെ പ്രതിനിധിയുടെ അഭിപ്രായം ആണ് ലേലം തര്‍ക്കത്തിലേക്ക് പോകാന്‍ ഇടയായത്. ഇതോടെ വില കൂട്ടി നല്‍കാമോയെന്ന് ദേവസ്വം ഭാരവാഹികള്‍ തിരക്കിയെങ്കിലും ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരുമെന്നാണ് അമല്‍ അറിയിച്ചു. ഇതോടെ വാഹനം അമലിന് തന്നെ നല്കാന് തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടന്നു വയ്ക്കുക ആയിരുന്നു .
ഗുരുവായൂരപ്പനോടുള്ള വിശ്വാസം കാരണമാണ് ഥാര്‍ ലേലത്തില്‍ അമല്‍ മുഹമ്മദ് പങ്കെടുത്തത്. ഏതായാലും പുനര്‍ലേല തീരുമാനത്തോടെ അമലിന് ഥാര്‍ ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അല്ലെങ്കില്‍ വീണ്ടും ലേലത്തില്‍ പങ്കുകൊള്ളണം.