ഗുരുദക്ഷിണയായി ശരീരം പങ്ക് വയ്ക്കണമെന്ന് ആവശ്യപ്പെട്ടു : നടി കസ്തൂരി

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധി അനവധിയാണ്. പക്ഷേ ഇത്തരം ചൂഷണങ്ങള്‍ പൊതുജന മധ്യത്തില്‍ വരുക തുലോം തുശ്ചവും. പലപ്പോഴും ആരും ഇതൊന്നും തുറന്നു പറയാന്‍ കൂട്ടാക്കാറില്ല. ഇനി അഥവാ ഇത്തരം തുറന്നു പറച്ചിലുകള്‍ ഉണ്ടായാല്‍ തന്നെ അത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. ശ്രീ റഡ്ഡിയെപ്പോലെ അപൂര്‍വം ചില നടികള്‍ മാത്രമാണു സിനിമാ മേഖലയില്‍ നിന്നും തുറന്നു പറച്ചിലുകള്‍ക്ക് മുതിര്‍ന്നിട്ടുള്ളത്. മാന്യതയുടെ പല മുഖം മൂടികളും അഴിഞ്ഞു വീഴാന്‍ ഇത് കാരണമായിട്ടുണ്ട്.

ഒട്ടു മിക്ക സൌത്ത് ഇന്‍ഡ്യന്‍ ഭാഷകളിലെയും നിറ സാന്നിധ്യമായ കസ്തൂരിയും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് മടിയില്ലാതെ ലോകത്തോട് വിളിച്ച് പറഞ്ഞ നടിയാണ്. താന്‍ സിനിമാ മേഖലയില്‍ എത്തിയ കാലത്തുണ്ടായ അനുഭവം ആണെങ്കില്‍ പോലും ഒരു മറയും ഇല്ലാതെ അത് പറയാന്‍ അവര്‍ ധൈര്യം കാട്ടി എന്നത് ശ്ലാഘനീയം തന്നെ.

1992 ല്‍ മിസ് മദ്രാസ് ആയി വിജയിച്ച കസ്തൂരി ആദ്യമായി സിനിമയിലേക്ക് എത്തുന്നത് തമിഴിലൂടെ ആണ്. താന്‍ അഭിനയിച്ച ചലച്ചിത്രത്തിന്റെ സംവിധായകന്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരം തന്നെ ആയിരുന്നുവെന്ന് താരം ഓര്‍ക്കുന്നു. എന്നാല്‍ തന്റെ ഭാഗത്ത് നിന്നും രൂക്ഷമായ പ്രതികരണം ഉണ്ടായതോടെ പിന്നീടൊരിക്കലും അയാള്‍ അത് ആവര്‍ത്തിച്ചിട്ടില്ല. ഒരിക്കല്‍ വലിയച്ചന്റെ പ്രായമുള്ള ഒരാള്‍ സിനിമയുടെ നിര്‍മാണവുമായി സംസാരിക്കാന്‍ എന്ന വ്യാജേന ഹോട്ടല്‍ മുറിയിലേക്ക് തന്നെ വിളിച്ചുവരുത്തിയെന്നും മോശമായി പെരുമാറാന്‍ ശ്രമിച്ചതോടെ താന്‍ അതി ശക്തമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. അതോടെ അയാള്‍ ചൂളി പിന്‍വാങ്ങിയെന്നും അവര്‍ പറഞ്ഞു. ഇത്തരം ദുരുദ്ദേശം മനസ്സില്‍ കരുതി സിനിമാ മേഖലയെ സമീപിക്കുന്നവരാണ് ഈ ഇന്‍റസ്ട്രിയുടെ ശാപമെന്നും കസ്തൂരി ഒരു ഓണ്‍ലൈന്‍ മീഡിയയോട് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.