ഒടുവില്‍ പിണക്കം മറന്ന് സുരേഷ് ഗോപി തിരിച്ചെത്തി: വലിയ സ്വീകരണം ഒരുക്കി സഹപ്രവര്‍ത്തകര്‍….

1997ല്‍ അമ്മ സംഘടിപ്പിച്ച ‘അറേബ്യന്‍ ഡ്രീംസ്’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്ബത്തിക തര്‍ക്കത്തിനോടനുബന്ധിച്ചാണ് നടന്‍ സുരേഷ്  ഗോപി താര സംഘടനയായ ‘അമ്മ’യില്‍ നിന്നും അകന്നത്. സുരേഷ് ഗോപി സംഘടനയുടെ ആദ്യ അംഗങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് അദ്ദേഹം ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കുക ആയിരുന്നു.

അറേബ്യന്‍ ഡ്രീംസ് എന്ന പേരിലുള്ള ഗര്‍ഫ് പരിപാടി അവതരിപ്പിച്ചതിന് ശേഷം തിരികെ എത്തിയ താരങ്ങള്‍ ഇതേ പരിപാടി തന്നെ നാട്ടിലെത്തിയപ്പോഴും അവതരിപ്പിച്ചു. ഇത് നാട്ടില്‍ അവതരിപ്പിച്ചത് തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടറുടെ പദ്ധതിയുടെ ഭാഗമായി അംഗന്‍വാടികള്‍ക്ക് കൊടുക്കുക, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടി എന്നിവ ലക്ഷ്യമിട്ടായിരുന്നു. അതുകൊണ്ട് തന്നെ പല താരങ്ങളും പ്രതിഫലം പോലും വാങ്ങാതെയാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ഷോ നടത്തുന്നവര്‍ അഞ്ച് ലക്ഷം രൂപ ‘അമ്മ’യിലേക്ക് തരുമെന്ന് സുരേഷ് ഗോപി സംഘടനയെ അറിയിക്കുകയും ചെയ്തിരുന്നു.

പക്ഷേ പണം നല്‍കാമെന്ന് എറ്റിരുന്ന ആള്‍ പണം  നല്‍കാതെ വന്നതോടെ അമ്മയില്‍ വലിയ തോതിലുള്ള  വാക്കേറ്റവും തര്‍ക്കങ്ങളുമുണ്ടായി. പിന്നീട് രണ്ട് ലക്ഷം രൂപ പിഴ ഒടുക്കാന്‍  സുരേഷ് ഗോപിക്ക് അമ്മയില്‍ നിന്നും നോട്ടീസ് കിട്ടി. ഇതോടെ സ്വന്തം പോക്കറ്റില്‍ നിന്നും ആ പണം അമ്മയില്‍ അടച്ചതിന് ശേഷം സുരേഷ് ഗോപി ‘അമ്മ’യില്‍ നിന്നും മാറി നിന്നു. പക്ഷേ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും തന്നോട് ചര്‍ച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം നിരവധി വേദികളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇപ്പോളിതാ, വര്‍ഷങ്ങളായി ഉണ്ടായിരുന്ന പിണക്കം മറന്ന് സുരേഷ് ഗോപി ‘അമ്മ’യുടെ വേദിയില്‍ എത്തിയത് വലിയ വാര്‍ത്താ പ്രധാന്യംനേടി. അമ്മ തന്നെ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്ബില്‍ മുഖ്യാതിഥിയായിട്ടാണ് സുരേഷ് ഗോപിയുടെ മടങ്ങി വരവ്. ഈ ചടങ്ങ് നടന്നത് കൊച്ചി കലൂരുള്ള അമ്മയുടെ തന്നെ ആസ്ഥാന മന്ദിരത്തില്‍ വെച്ചായിരുന്നു. നിറഞ്ഞ കയ്യടിയോടെ പൊന്നാട അണിയിച്ചാണ് ‘അമ്മ’യിലെ ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published.