രാജാപ്പാട്ടിന് പകരം രവീന്ദ്രസംഗീതം വന്ന വഴി. ആ കഥ ലനിന്‍ രാജേന്ദ്രന്‍ പറയുന്നു.

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയ്ക്കു ചലച്ചിത്രഭാഷ്യം ഒരുക്കുമ്പോള്‍ സംഗീതം നല്കുവാന്‍ ഇളയരാജ അല്ലാതെ മറ്റൊരാളും തന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല കാരണം അത്യന്തം സംഗീത സാന്ദ്രമായ ഒരു കഥയാണ് നഷ്ടപ്പെട്ട നീലാംബരി. പ്രണയത്തില്‍ന്റെ ഭാവതലങ്ങള്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നീല്‍ക്കണം.അതുകൊണ്ട് തന്നെ അതിന് ഏറ്റവും യോജിച്ച സംഗീതം നല്കുവാന്‍ ഇശൈജ്നാനി ഇളയരാജാക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു.

ഇളയരാജ കോവളത്തുണ്ടെന്നു അറിഞ്ഞു അദ്ദേഹത്തെ പോയി കണ്ട് വളരെ വിശദമായി തന്നെ കഥാ പശ്ചാത്തലം അവതരിപ്പിച്ചു. കഥയില്‍ ആകൃഷ്ടനായ അദ്ദേഹം സംഗീതം നിര്‍വഹിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്ന്ന് ലെനിന്‍ രാജേന്ദ്രന്‍ രാജയുമൊത്ത് അടുത്ത ദിവസ്സം തന്നെ ചെന്നയിലേക്ക് പറന്നു. ആ യാത്രയില്‍ ഫ്ലൈറ്റിലിരുന്നും തങ്ങളുടെ ചര്‍ച്ചാവിഷയം ഇത് തന്നെയായിരുന്നുവെന്ന് ലെനിന്‍ രാജേന്ദ്രന്‍ ഓര്‍ക്കുന്നു. അടുത്ത് ദിവസം വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിഞ്ഞെങ്കിലും ആ കൂടിക്കാഴ്ച സംഭവിച്ചില്ല. തന്റെ ജ്യേഷ്ഠന്‍ ലനിന്‍ രാജശേഖരന്‍ മരണപ്പെട്ടുവെന്ന വിവരം നാട്ടില്‍ നിന്നു വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നു രാജയുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച് അടുത്ത ഫ്ലൈറ്റില്‍ തന്നെ താന്‍ നാട്ടിലേക്കു തിരിക്കുകയിയിരുന്നു.

തുടര്‍ന്നു വീണ്ടും ‘മഴ’യുടെ സംഗീതവുമായി രാജയെ സഹകരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം സിംഫണി ഒരുക്കുവാനായി നീണ്ട ഒരു മാസത്തെ പ്രൊജക്ടിനോട് അനുബന്ധിച്ച് ഫ്രാന്‍സിലേക്ക് പോയിരുന്നു. ഇളയരാജയുടെ വരവിനായി കാത്തിരിക്കുവാനുള്ള സമയം ഇല്ലാത്തതിനാല്‍ ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുവാന്‍ രവീന്ദ്രനെ സമീപിക്കുകയായിരുന്നു.കഥയുടെ ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ട രവീന്ദ്രന്‍ വളരെ വ്യത്യസ്തവും ഭാവതീവ്രവുമായ ഗാനങ്ങള്‍ തന്നെ ചിത്രത്തിനായി ഒരുക്കി. എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചമായിരുന്നു.

ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തി യൂസ്സഫലി എഴുതി ചിത്ര ആലപിച്ച ‘വാര്‍മുകിലെ’ എന്നു തുടങ്ങുന്ന ഗാനവും അമൃത വര്‍ഷിണി രാഗത്തില്‍ ജയകുമാര്‍ രചിച്ച് ഏശുദാസ് ആലപിച്ച ആഷാഢം പാടുന്നു എന്നു തുടങ്ങുന്ന ഗാനവുമൊക്കെ ചിത്രീകരണ ഭംഗി കൊണ്ടും രചനാ വൈഭവം കൊണ്ടും രവീന്ദ്രസംഗീതത്തിന്റെ ഗൂഢ സൌന്ദര്യം കൊണ്ടും ഒരുകാലത്തും മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞു പോവാത്തവയാണ്. ജൂണ്‍ 2നു പിറന്നാള്‍ മധുരമുണ്ണുന്ന ഇളയരാജയെ ഓര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു നിര്‍ത്തി. രാജയുടെ നഷ്ടം രവീന്ദ്രന്റെ നേട്ടമായി.

Leave a Reply

Your email address will not be published.