നടി ആക്രമിക്കപ്പെട്ട കേസ്സില്‍ സൈബര്‍ വിദഗ്ദന് സായ് ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ കോഴിക്കോടുള്ള വീട് അന്വേഷണ സംഘം റെയ്ഡ് ചെയ്തിരുന്നു. ഇവിടെ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് കൂടുതല്‍ തെളിവുകള്‍ പോലീസിന് കിട്ടിയത്. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ദിലീപിനെതിരായ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ ഹോട്ടലുകളില്‍ വെച്ചാണ് ഇയാള്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത്.

ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കാരപ്പറമ്ബിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തിയിരുന്നു. കോടതിയില്‍ സമര്‍പ്പിക്കാതെ മറച്ചു വച്ച ഏഴാമത്തെ ഫോണിലെ വിവരങ്ങളും സായ് ശങ്കര്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുന്‍പ് ദിലീപ് പറഞ്ഞത് ഈ ഫോണ്‍ നശിച്ച് പോയെന്നായിരുന്നു.
ഈ ഫോണിലെ വിവരങ്ങള്‍ ദിലീപ് അറിയാതെയാണ് സായി ശങ്കര്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കൊച്ചി ബോള്‍ഗാട്ടിയിലുള്ള ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ ഇല്ലാതാക്കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കണ്ടെത്തിയിരുന്നു. ഹയാത്ത് കൂടാതെ പനമ്ബള്ളി നഗറിലെ അവന്യൂ സെന്റര്‍ എന്ന ഹോട്ടലിലും ഇയാള്‍ മുറിയെടുത്തിരുന്നു.
അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് പോലീസ് കരുതുന്നു. ആദ്യം അവന്യൂ സെന്ററില്‍ എത്തി മുറി എടുത്തത്തിന് ശേഷം പിന്നീട് ഹയാത്തില്‍ എത്തി തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.
ഡെല്‍ഹി സ്വദേശി ആയ അഖില്‍ സായ് ശങ്കറിനൊപ്പം തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഫോണിലെ തെളിവുകള്‍ താന്‍ നശിപ്പിച്ചിട്ടില്ലെന്നാണ് സായ് ശങ്കര്‍ പറയുന്നത്. ദിലീപിന്റെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. ഫോണിലെ ഒരു വിവരവും താന്‍ മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട്. അതുകൊണ്ട് തന്നെ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും സായ് ശങ്കര്‍ ആരോപിക്കുന്നു.