ഓൺലൈൻ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ട ശേഷവും വധൂവരന്മാർക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല.

2020 ഓഗസ്റ്റ് രണ്ടിനാണ് ചങ്ങനാശ്ശേരി പെരുന്ന പാലുപറമ്പിൽ അബ്ദുൽ സമദിന്റെയും നൗമതിയുടെയും മകൾ ആമിനയും, ആലപ്പുഴ വളഞ്ഞവഴി മുല്ലശ്ശേരിയിൽ നാസർ സെയ്‌തലിയുടെയും സുഹറയുടെയും മകൻ ആസിഫും വിവാഹിതനായത്. ഓൺലൈൻ വഴിയാണ് ഇരുവരും നിക്കാഹ് കഴിച്ചത്. വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷവും ദമ്പതികൾ രണ്ട് രാജ്യത്താണ് താമസിക്കുന്നത്. വരൻ സൗദിയിലും വധു ചങ്ങനാശ്ശേരിയിലും ആണ് ഇപ്പോൾ കഴിയുന്നത്. രണ്ടുപേരുടെയും കുടുംബങ്ങൾ സൗദിയിലാണ് താമസം. വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ ആയിരുന്നു ആമിന നാട്ടിലെത്തിയത്. 2019 സെപ്റ്റംബറിൽ വിവാഹനിശ്ചയം നടത്തിയപ്പോഴാണ് ആസിഫും ആമിനയും അവസാനമായി കണ്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യം വന്നതിനാൽ ഓഗസ്റ്റ്ലേക്ക് ചടങ്ങ് മാറ്റുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊണ്ടാണ് ആസിഫിന് നാട്ടിലെത്താൻ കഴിയാതിരുന്നത്. സൗദിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ ഓഗസ്റ്റ് രണ്ടിന് നടത്തിയത്. ആമിനയും കുടുംബവും നാട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് നിക്കാഹ് ചടങ്ങുകൾ കണ്ടത്. നിക്കാഹിന് ശേഷം ആമിന തിരിച്ചു സൗദിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും മഹാമാരിയോട് അനുബന്ധിച്ച നിയന്ത്രണങ്ങൾ മൂലം യാത്ര തടസ്സപ്പെടുകയായിരുന്നു.  ലോക്ക് ഡൗൺ ഇളവ് ലഭിക്കുകയാണെങ്കിൽ മാത്രമേ ആസിഫിന് നാട്ടിലെത്താൻ സാധിക്കുകയുള്ളൂ. ആമിനയ്ക്ക് തിരിച്ചു പോകണമെങ്കിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകണം. രണ്ടും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും 10 മാസങ്ങൾക്ക് ശേഷവും ഒരേ കരയിൽ അടുക്കുവാൻ കഴിയാതെ ജീവിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇരുവർക്കും വിവാഹം രജിസ്റ്റർ ചെയ്യുവാനും സാധിച്ചില്ല. അക്കാരണത്താലാണ് ആമിനയ്ക്ക് വീസ ലഭിക്കാതിരിക്കുന്നത്.

Leave a Reply

Your email address will not be published.