സംസ്ഥാനത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗം: കോവിഡിനെ പ്രതിരോധിക്കാൻ ആകാശമാർഗം തിരഞ്ഞെടുത്ത് തൃശ്ശൂർ.

കോവിഡ് പ്രതിരോധിക്കാനായി ഡ്രോൺ ഉപയോഗിച്ചുകൊണ്ടുള്ള അണുനശീകരണം നടത്തുകയാണ് തൃശ്ശൂർ ജില്ല. സംസ്ഥാനത്ത് ആദ്യമായി കോവിഡ് പ്രതിരോധിക്കുവാൻ ആകാശമാർഗ്ഗം തിരഞ്ഞെടുത്തതും തൃശ്ശൂർ ജില്ലയാണ്. നഗരസഭാ പരിധിയിൽ ഉള്ള ജനക്കൂട്ടത്തെ ലക്ഷ്യം വെച്ച് കൊണ്ടാണ് ഡ്രോൺ ഉപയോഗിച്ചുകൊണ്ടുള്ള അണുനശീകരണം നടത്തിയത്. ജനങ്ങൾ കൂട്ടത്തോടെ നിൽക്കുന്ന സാഹചര്യങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുകൊണ്ടുള്ള അണുനശീകരണം ആണ് കൂടുതൽ സൗകര്യപ്രദം എന്നാണ് കോർപ്പറേഷൻ അധികൃതരും പറയുന്നത്. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനമാണ് തൃശ്ശൂർ കോർപ്പറേഷനു വേണ്ടി ഡ്രോൺ തയ്യാറാക്കിയത്. ഗരുഡ എയറോസ്പേസ് സൗജന്യമായി ആണ് ഡ്രോൺ കോർപ്പറേഷന് കൈമാറിയത്. അന്തരീക്ഷത്തിൽ വ്യാപിക്കുന്ന രോഗാണുക്കളെ തടയുവാനുള്ള  ക്രമീകരണങ്ങളും ഡ്രോണിൽ സജ്ജമാക്കിയിരുന്നു. സോഡിയം ഹൈഡ്രോ ക്ലോറൈഡും സിൽവർ നൈട്രേറ്റ് ലായനിയുമാണ് അണുനശീകരണത്തിനായി ഡ്രോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൾക്കൂട്ടം കൂടുതലുള്ള നഗരപ്രദേശങ്ങൾ എത്രയും പെട്ടെന്ന് അണുനശീകരണം നടത്തുന്നതിന് ഏറ്റവും ഉപയോഗപ്രദമായ രീതി ഇത്തരത്തിലുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നതാണെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഡ്രോണുകൾ ഗരുഡ എയറോസ്പേസ് വിൽപന ചെയ്യുന്നുമുണ്ട്. 12 ലിറ്റർ ടാങ്ക് കപ്പാസിറ്റി ഉള്ള ഡ്രോൺ ആണ് അണു നശീകരണത്തിനായി ഉപയോഗിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പ്രദേശം അണു വിമുക്തമാക്കാൻ ആണ് നിലവിൽ കോർപറേഷൻ ഡ്രോൺ ഉപയോഗിക്കുന്നത്. വടക്കേ സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, മാർക്കറ്റുകൾ, കോർപ്പറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ട അണുനശീകരണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കോർപ്പറേഷൻ പരിസരങ്ങളിൽ രോഗ വ്യാപന നിരക്ക് കൂടുതൽ ആയതുകൊണ്ടാണ് ആ പരിസരങ്ങളിൽ ആദ്യഘട്ട അണുനശീകരണം നടത്തുന്നത്.

Leave a Reply

Your email address will not be published.