‘ടൈറ്റാനിക്കിനെക്കാൾ ഭീകരമായ അപകടം കണ്മുന്നിൽ’: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ബാർജ് അപകടം

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ ഉണ്ടായ ബാർജ് അപകടം ടൈറ്റാനിക്കിനേക്കാൾ ഭീകരം ആണെന്നാണ് കപ്പൽ ജീവനക്കാരൻ വ്യക്തമാക്കിയത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് ബാർജ് മുങ്ങിയത്. 188 പേരെ രക്ഷപ്പെടുത്തി എങ്കിലും ഒരു മലയാളിയടക്കം 37 പേർ അപകടത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. വയനാട് കൽപ്പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരണപ്പെട്ട മലയാളി. അപകടത്തിൽപ്പെട്ട മറ്റ് 22 മലയാളികളെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റുള്ളവരെ കണ്ടെത്തുവാനുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കടുത്ത രക്ഷാപ്രവർത്തന നടപടികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയാണ് ബാർജ് പി -305 അപകടത്തിൽ പെട്ട് മുങ്ങിയത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെയുള്ള ഭീതിയേറിയ നിമിഷങ്ങൾ കപ്പൽ ജീവനക്കാരനായ വിശ്വജീത് വിവരിച്ചത് ഇപ്രകാരമായിരുന്നു: “നിങ്ങൾ ടൈറ്റാനിക്ക് കണ്ടിട്ടുണ്ടാകും. അതിനേക്കാൾ ഭീകരമായിരുന്നു ഞങ്ങളുടെ അവസ്ഥ. ഞങ്ങളുടെ കൺമുന്നിലാണ് സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ ഒഴുകിനടന്നത്. ഞങ്ങളെക്കാൾ മുൻപേ അവർ കടലിലേക്ക് ചാടിയിരുന്നു. അവരുടെ ലൈഫ് ജാക്കറ്റ് തകർന്നതും ഞങ്ങൾ കണ്ടിരുന്നു. ഞങ്ങൾ രക്ഷിക്കപ്പെടുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. നമ്മൾ ജീവിച്ചിരിക്കുമെന്നും വിഷമിക്കേണ്ട എന്നും പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾ ആശ്വസിപ്പിച്ചു. 14 മണിക്കൂർ ലൈഫ് ജാക്കറ്റിൽ ഞാൻ വെള്ളത്തിൽ കിടന്നു.  അപ്പോഴെല്ലാം ഞാൻ നല്ല കാറ്റും തിരയും ഉണ്ടായിരുന്നു.” അതിഭീകരമായ അപകട അന്തരീക്ഷമായിരുന്നു രക്ഷാപ്രവർത്തകർ എത്തുന്നതിനു തൊട്ടുമുൻപ് വരെ ഉണ്ടായിരുന്നത്. 29 മലയാളികളായിരുന്നു ബാർജിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഭൂരിഭാഗംപേരും ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയവരാണ്. തിങ്കളാഴ്ചത്തെ ചുഴലിക്കാറ്റിൽ  മൂന്ന് ബാർജുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നാൽ പി -305 ബാർജിൽ ഉള്ളവർ മാത്രമായിരുന്നു അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. 261 ജീവനക്കാരായിരുന്നു ബാർജിൽ ഉണ്ടായിരുന്നത്. അതിൽ 186 പേരെ നാവിക സേന അംഗങ്ങളാണ് സംഭവസ്ഥലത്തെത്തി രക്ഷപ്പെടുത്തിയത്. മറ്റു ബാർജിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട് കാണാതായവരെ കണ്ടെത്തുവാനുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.