അജ്ഞാത രോഗത്തെ തുടർന്ന് ആയിരക്കണക്കിന് താറാവുകൾ ചത്തൊടുങ്ങി: പക്ഷി പനിയേക്കാൾ ഭീകരമായ രോഗവ്യാപനം

അജ്ഞാത രോഗത്തെത്തുടർന്ന് രണ്ടായിരത്തിലധികം താറാവുകൾ ആണ് കുട്ടനാട്ടിൽ ചത്തൊടുങ്ങിയത്. അപ്പർ കുട്ടനാട്ടിലെ തലവടിയിൽ  കൂട്ടത്തോടെയാണ് താറാവുകൾ ചത്തത്. വ്യാഴാഴ്ച വൈകിട്ടാണ് രോഗവ്യാപനം നടന്നതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെയാണ് താറാവുകൾ കൂട്ടത്തോടെ ചത്തു കിടക്കുന്നത് ഉടമസ്ഥർ കണ്ടത്. കൂട്ടിൽ വച്ച് തന്നെയാണ് താറാവുകളുടെ മരണം സംഭവിച്ചത്. തലവടി പഞ്ചായത്ത് ഒമ്പതാം വാർഡിലെ കറുകപ്പറമ്പിൽ വർഗീസ്, കണ്ടങ്കേരിൽ സക്കറിയ വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള താറാവുകൾ ആണ് ചത്തത്. വർഗീസിനെ ഉടമസ്ഥതയിലുള്ള 1300 താറാവുകളും 200 താറാവ് കുഞ്ഞുങ്ങളും ആണ് കൂട്ടിൽ ചത്തു കിടന്നത്. സക്കറിയയുടെ 500 താറാവ് കുഞ്ഞുങ്ങളാണ് അപൂർവ രോഗത്തെത്തുടർന്ന് ചത്തത്. മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇരുവർക്കും സംഭവിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. താറാവ് കൃഷി കൊണ്ട് മാത്രമായിരുന്നു ഇരുവരും ഉപജീവനം നടത്തിക്കൊണ്ടിരുന്നത്. അജ്ഞാതരോഗം വ്യാപിച്ചതോടെ ഇരുവരുടെയും വരുമാനമാർഗം നിലച്ചിരിക്കുകയാണ്. രോഗവ്യാപനം മൂലം ഒറ്റ രാത്രി കൊണ്ടാണ് ആയിരക്കണക്കിന് താറാവുകൾ ചത്തൊടുങ്ങിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ താറാവുകളുടെ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യങ്ങൾ ആയിരിക്കണം രോഗബാധയ്ക്ക് കാരണമായത് എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് കുട്ടനാട്ടിൽ വ്യാപകമായി പക്ഷിപനി ഉണ്ടായിരുന്നു.എന്നാൽ താറാവുകളുടെ മരണത്തിന് കാരണം പക്ഷിപ്പനി അല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അജ്ഞാത രോഗം കൂടുതൽ ഗുരുതരമായി വ്യാപിക്കുന്നതിനു മുമ്പ് തന്നെ അതിനു വേണ്ട പ്രതിവിധികൾ എടുക്കും എന്നാണ് മൃഗസംരക്ഷണ വിഭാഗം അറിയിച്ചത്. തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലായിരിക്കും രോഗകാരണം കണ്ടെത്തുന്നത് സംബന്ധിച്ചുള്ള പരിശോധനകൾ നടത്തുന്നത്.

Leave a Reply

Your email address will not be published.