വയോധികയ്ക്ക് സ്നേഹത്തിന്റെ കരുതൽ നൽകിയ കേരള പോലീസ് വീണ്ടും സാമൂഹികമാധ്യമങ്ങളിൽ താരമായി

തിരുവനന്തപുരം കണ്ടോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ ഗിൽബർട്ട് ജേക്കബും ഉദ്യോഗസ്ഥരായ അഞ്ചു, അരവിന്ദ് എന്നിവരും ചേർന്നാണ് തളർന്നിരുന്ന വയോധികയ്ക്ക് മുൻപിൽ സ്നേഹത്തിന്റെ കരങ്ങൾ നീട്ടിയത്. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുൻപിൽ വാഹന പരിശോധനക്കായ് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വയോധികയെ കണ്ടുമുട്ടിയത്. ബസ്റ്റോപ്പിൽ തളർന്നിരുന്ന വയോധികയുടെ അടുത്തേക്ക് പോലീസ് ഉദ്യോഗസ്ഥർ എത്തുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുകയായിരുന്നു. കടുത്ത വയറു വേദന മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയായിരുന്നു അവർ. ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് വയോധികയെ പോലീസ് ഉദ്യോഗസ്ഥർ സമീപിച്ചത്. ലോക്ഡൗൺ മൂലം പൊതുഗതാഗതം ഇല്ലാതിരുന്നതിനാൽ 30 കിലോമീറ്ററിലധികം ദൂരമുള്ള വീട്ടിലേക്ക് എങ്ങനെ പോകും എന്നുള്ള ചോദ്യം ആയിരുന്നു അവരുടെ മനസ്സിൽ. വീട്ടിലേക്ക് നടന്നെത്താനുള്ള യാത്രയിൽ പാതിവഴിക്ക് തളർന്ന് ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു അവർ. ഈ സമയത്താണ് കേരള പോലീസ് രക്ഷകരെ പോലെ എത്തിയത്. സംഭവത്തെക്കുറിച്ച് എസ് ഐ ഗിൽബർട്ട് ജേക്കബ് ഇപ്രകാരമാണ് വ്യക്തമാക്കിയത് :”ഞങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ ആണ് ബസ്റ്റോപ്പിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോൾ ആശുപത്രിയിലായിരുന്നു എന്നും ചുള്ളിമാനൂരിലെ വീട്ടിലേക്കാണെന്നും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നുമൊക്കെ പറഞ്ഞു. കുടിക്കാൻ വെള്ളം കൊടുത്തു. ഭക്ഷണം കഴിക്കാൻ നൽകി. കയ്യിൽ പണം ഇല്ലാതിരുന്നതാണ് ഇത്രയും ദൂരം നടക്കാനുള്ള സാഹചര്യത്തിലേക്ക് അവരെ നയിച്ചത്.  അവരെ വീട്ടിൽ എത്തിക്കാൻ ഞങ്ങളും കുറച്ചു ബുദ്ധിമുട്ടി. ലോക്ക്ഡൗൺ ആയതിനാൽ വാഹനങ്ങളൊന്നും ലഭിക്കാതെ വന്നു.  ഒടുവിൽ ഒരു ഓട്ടോയിൽ യാത്ര ചെയ്യാനുള്ള പാസ്സ് നൽകിയാണ് ആ അമ്മയെ വീട്ടിലെത്തിച്ചത്.”  കേരള പോലീസ് വയോധികയെ സഹായിക്കുന്നതിന് ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ കേരള പോലീസ് വീണ്ടും ജനങ്ങളുടെ ഇടയിൽ താരം ആവുകയായിരുന്നു.

Leave a Reply

Your email address will not be published.