പ്രാണവായുവിന്റെ സോഴ്സ് ആവശ്യപ്പെട്ട പൊലീസിന് ചുട്ടമറുപടിയുമായി ശ്രീനിവാസന്റെ 108 രൂപ ക്യാംപെയിൻ

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായ ബി. വി ശ്രീനിവാസനോട് ആണ് ഡൽഹി പോലീസ് പ്രാണവായു നൽകിയതിനുള്ള സോഴ്സ് ചോദിച്ചത്. കോവിഡ് രോഗികൾക്കായി പ്രാണവായുവും മരുന്നും എത്തിച്ചു നൽകുകയായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി. വി ശ്രീനിവാസൻ. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ശ്രീനിവാസന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലും ശ്രീനിവാസന് പിന്തുണ നൽകി 108 രൂപ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ‘ഞങ്ങളാണ് സോഴ്സ്’ എന്ന ക്യാമ്പയിനുമായി ഷാഫി പറമ്പിൽ ആണ് രംഗത്തെത്തിയത്. പരമാവധി ആളുകളുടെ കയ്യിൽ നിന്ന് 108 രൂപ ശേഖരിച്ച്  നൽകി ശ്രീനിവാസനെയും സംഘത്തെയും സഹായിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. രോഗികൾക്ക് നൽകിയ സഹായത്തിന്റെ സോഴ്സ് ചോദിച്ച ഡൽഹി പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയത്തിനപ്പുറം ഇത്തരം സന്ദർഭങ്ങളിൽ  മനുഷ്യത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയാണ് ബി. വി ശ്രീനിവാസൻ തുറന്നുകാണിക്കുന്നത്. ബി. വി ശ്രീനിവാസന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഷാഫിപറമ്പിൽ തയ്യാറാക്കിയ കുറിപ്പ് ഇപ്രകാരമായിരുന്നു : “ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നിൽ നിഷ്ക്രിയരായപ്പോൾ ഓക്സിജൻ സിലിണ്ടറുകളുമായി നാടിന് ശ്വാസമായവനാണ് ബി വി ശ്രീനിവാസ്. അയാൾ സാധാരണക്കാരന് പകർന്നുനൽകുന്ന ഭക്ഷണത്തിനും മരുന്നിനും സോഴ്സ് അന്വേഷിച്ചു ചെല്ലുമ്പോൾ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിൽ ആണ്.  ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്. ബി വി ശ്രീനിവാസൻ നേതൃത്വം നൽകുന്ന   #SOSIYC ക്ക് നമ്മളിൽ പലരും നേരത്തെ തന്നെ സഹായം നൽകിയവരാണ്. എന്നാൽ ഇന്നത്തെ ഡൽഹി പോലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്.  ഈ പ്രതിഷേധത്തിൽ നിങ്ങളും പങ്കാളികളാകുക. “ഞങ്ങളാണ് സോഴ്സ്”. 108 രൂപ നൽകി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം. ആ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാം.”

Leave a Reply

Your email address will not be published.