കോവിഡ് രോഗികൾക്ക് മുന്നറിയിപ്പ്: സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ വർദ്ധിക്കുന്നു.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് മൂലമാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന രോഗം ബാധിക്കുന്നത്. ഒരു പ്രത്യേകതരം പൂപ്പൽബാധയാണിത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി വ്യാപിക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിക്കുകയായിരുന്നു. കോവിഡ് രോഗികളിളും രോഗം ഭേദമായവരിലും ഒരുപോലെ കാണപ്പെടുന്ന രോഗമാണ് ഇതെന്നും തെളിയിക്കപ്പെട്ടു. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൂടെയാണ് ഫംഗസ് ബാധ ഉണ്ടാകുന്നത്. എയിംസ് മേധാവി ഡോ. റൺദീപ് ഗുലേറിയ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഹാജരാക്കിയിട്ടുള്ളതാണ്. ഡൽഹി എയിംസ് ആശുപത്രിയിൽ മാത്രം 23 പേർക്കാണ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 20 പേരും കോവിഡ് ബാധിതർ ആണെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്. കോവിഡ് മഹാമാരിക്ക് മുൻപു തൊട്ട് തന്നെ ബ്ലാക്ക് ഫംഗസ് ബാധ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിതരിൽ ഇതിന്റെ തീവ്രത വർദ്ധിക്കുവാൻ ഉള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മാരകമായ ഫംഗസ് ബാധ അല്ലെങ്കിലും മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. 400 മുതൽ 500 വരെയുള്ള കേസുകൾ ആണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിതരെ കൂടാതെ പ്രമേഹരോഗികളിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രണ്ടു തരത്തിലുള്ള ബ്ലാക്ക് ഫംഗസ് ബാധയാണ് നിലവിൽ കാണപ്പെടുന്നത്. ഒന്ന് മുഖം, മൂക്ക്, തലച്ചോറ് എന്നിവിടങ്ങളിൽ ബാധിക്കുന്നതും മറ്റൊന്ന് ശ്വാസകോശത്തെ ബാധിക്കുന്നതുമാണ്. കോവിഡ് ബാധിതരിൽ കൂടുതലായും കണ്ടുവരുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗം ആണ്. ഫംഗസ് ബാധയെ പ്രതിരോധിക്കുവാൻ ആവശ്യമായ ശുചിത്വ നടപടികൾ വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കി തുടങ്ങി. ആദ്യഘട്ട ഫംഗസ് ബാധ ഗുരുതരമല്ലെങ്കിലും രണ്ടാംഘട്ട ഫംഗസ് ബാധ മാരകമാകുവാനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.