കാട്ടിനുള്ളിൽ 18 ആനകളുടെ മൃതദേഹങ്ങൾ കണ്ടെത്തി: ഇടിമിന്നലേറ്റതെന്ന് സംശയം

അസമിലെ നഗോണിനടുത്തുള്ള കാട്ടിലാണ് 18 ആനകളുടെ മൃതദേഹങ്ങൾ കൂട്ടംകൂടി കിടന്നത്. ഉൾക്കാട്ടിൽ ഉള്ള കുന്നിന്റെ മുകളിലും താഴെയും ആയിട്ടാണ് 18 ആനകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശവാസികളാണ് ആനകളെ കുറിച്ചുള്ള വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ശേഷം മൃഗ രോഗ വിദഗ്ധരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയായിരുന്നു. ഇടിമിന്നലിനെ തുടർന്ന് ആയിരിക്കണം ആനകൾ മരണപ്പെട്ടത് എന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. എന്നാൽ അതു തന്നെയാണോ കാരണം എന്നതിൽ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ആനകളുടെ മരണത്തിന് പിന്നിൽ ഉണ്ടായ കാരണം വ്യക്തമാകൂ. 14 ആനകൾ കുന്നിന്റെ മുകളിലും മറ്റ് നാല് ആനകൾ കുന്നിന്റെ താഴെയും ആയിരുന്നു കിടന്നത്. നഗോണിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് ആയിരിക്കണം അപകടം സംഭവിച്ചിരിക്കുക എന്ന സംശയമാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്നത്. 2001 ഉണ്ടായ സംഭവത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം ആനകൾ കൂട്ടത്തോടെ ചരിയുന്നത്. കാട്ടിലെ മറ്റേതെങ്കിലും ഭാഗങ്ങളിലെ ആനകൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ഡ്രോൺ ക്യാമറ ഉപയോഗിച്ചു കൊണ്ടുള്ള അന്വേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. വനപ്രദേശത്തിന് സമീപമുള്ള ചായ ഫാക്ടറിയിൽ നിന്നുള്ള കീടനാശിനികൾ മൂലം വിഷബാധയേറ്റതാകുവാനുള്ള സാധ്യതകളും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പ്രദേശവാസികളുടെ സാന്നിധ്യത്തിലാണ് ചരിഞ്ഞ ആനകൾക്ക് അന്തിമ ഉപചാരങ്ങൾ അർപ്പിച്ചത്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ സംഭവത്തിൽ സാമൂഹ്യ മാധ്യമത്തിലൂടെ അനുശോചനങ്ങൾ അർപ്പിക്കുകയുണ്ടായി. മനുഷ്യരെ പോലെ തന്നെ ആനകൾക്കും ഇടിമിന്നലേൽക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്. മറ്റ് അന്വേഷണങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ആയിരിക്കും നടത്തുക എന്നും വനംവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.