ശക്തിമാൻ “മരിച്ചിട്ടില്ല പൂർണ ആരോഗ്യവാനാണ്” : വ്യാജ വാർത്തകൾക്കെതിരെ ബോളിവുഡ് നടൻ മുകേഷ് ഖന്ന പ്രതികരിക്കുന്നു.

ഡി ഡി നാഷണൽ ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ‘ശക്തിമാൻ’ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് നടൻ മുകേഷ് ഖന്ന മരണപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. സംഗതി വ്യാപകമായി സാമൂഹിക മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ടപ്പോഴാണ് നടൻ മുകേഷ് ഖന്ന രംഗത്തെത്തിയത്. തുടർന്ന് സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നും താൻ മരിച്ചിട്ടില്ലെന്നും അദ്ദേഹം തന്നെ തുറന്നു പറയുകയായിരുന്നു.  തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ ആണ് മുകേഷ് ഖന്ന തന്റെ മരണ വാർത്തയെ നിഷേധിച്ചത്. താൻ പൂർണ ആരോഗ്യവാനാണെന്നുള്ള സന്ദേശമാണ് ബോളിവുഡ് നടൻ വീഡിയോയിലൂടെ പങ്കുവെച്ചത്. “നിങ്ങളുടെ അനുഗ്രഹം കൊണ്ട് ഞാൻ പൂർണ ആരോഗ്യവാനാണ്. സുരക്ഷിതനാണ്…എനിക്ക് കോവിഡ്-19 ഇല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമില്ല. ആരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്ന് അറിയില്ല. അതിനു പിന്നിലെ ഉദ്ദേശം എന്താണെന്നും അറിയില്ല” എന്നീ വാക്കുകൾ ആയിരുന്നു അദ്ദേഹം വീഡിയോയിലൂടെ ആരാധകരോട് പറഞ്ഞത്. വീഡിയോയുടെ താഴെ അനേകം ആരാധകരും പ്രതികരണങ്ങൾ അറിയിക്കുകയുണ്ടായി. സത്യാവസ്ഥ എന്തെന്ന് തിരിച്ചറിയാതെ ഇത്തരം വ്യാജ വാർത്തകൾ പങ്കുവെയ്ക്കുന്നവർക്കെതിരെ ഉള്ള വിമർശനങ്ങളും അക്കൂട്ടത്തിൽ ഉയർന്നിരുന്നു. ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മുകേഷ് ഖന്ന. രാജാധിരാജ എന്ന മലയാള ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും ശക്തിമാൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹത്തിന് കൂടുതൽ ആരാധകർ ഉണ്ടായത്. ശക്തിമാന് ശേഷം മഹാഭാരതത്തിലെ ഭീഷ്മയുടെ കഥാപാത്രം അവതരിപ്പിച്ചതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. വ്യാജ വാർത്തകൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നവരെ താരം ശകാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.