വിവാഹ ചടങ്ങിലെ ഭക്ഷണം ഇഷ്ടപ്പെടാത്ത കാരണത്താൽ അടിപിടി : സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

വിവാഹവിരുന്നിനിടെ ഭക്ഷണം കൊടുക്കുന്നതിന് ചൊല്ലിയുണ്ടായ തർക്കമാണ് വൻ വഴക്കായി മാറിയത്. ഇതേ തുടർന്ന് ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബീഹാറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഗോപാൽഗനജ് ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിവാഹ പാർട്ടിയിൽ വെച്ച് ഭക്ഷണത്തിന്റെ പേരിലാണ് രണ്ട് വിഭാഗക്കാർ തമ്മിൽ തർക്കം ആരംഭിച്ചത്. ഭക്ഷണത്തെക്കുറിച്ച് ഒരാൾ പറഞ്ഞ അഭിപ്രായമാണ് പിന്നീട് രണ്ടു വിഭാഗക്കാരുടെ തർക്കമായി മാറിയത്. ബീഹാറ്കാരുടെ പ്രധാന ഭക്ഷ്യവിഭവമാണ് ‘ലിട്ടി’. ഗോതമ്പ് കൊണ്ട് തയ്യാറാക്കുന്ന ഒരു പ്രത്യേകതരം വിഭവമാണ്. ബീഹാർ, ജാർഖണ്ഡ് മുതലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഭക്ഷ്യവിഭവമാണ് ഇത്. വിവാഹ ചടങ്ങിൽ ലിട്ടിക്ക് പകരം ബസ്മതി അരി വിളമ്പിയത് ആണ് വഴക്കുണ്ടാക്കാൻ കാരണമായത്. ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് തർക്കം ആദ്യമായി ആരംഭിച്ചതെന്നും വിവാഹ ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ രാജൻ ആണ് ആദ്യം തർക്കം ആരംഭിച്ചത്. കോഴി വിളമ്പുന്നതിനോടൊപ്പം ബസ്മതി അരി വിളമ്പരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ട് വിവാഹചടങ്ങിൽ ലിട്ടി വിതരണം ചെയ്യുന്നില്ല എന്നാണ് അദ്ദേഹം ചോദിച്ചത്. അത്യധികം മോശമായ വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹം വിരുന്നുകാരുടെ ഇടയിൽനിന്ന് തന്റെ അഭിപ്രായം അറിയിച്ചത്. രാജനുമായി ഉണ്ടായ തർക്കത്തിലാണ് രാജേന്ദ്ര കൊല്ലപ്പെട്ടത്. രാജേന്ദ്രയുടെ മൂന്ന് മക്കളാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവ സ്ഥലത്തുനിന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു, രണ്ടുപേർ ഒളിവിലാണ്. സംഭവത്തിൽ പരിക്കേറ്റവരെ ഗോരക്പൂർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലപാതക കുറ്റം ചാർത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published.