പോലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയ വനിതാ മജിസ്ട്രേറ്റിന് സ്ഥലംമാറ്റം

നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആയ ടിയാറ റോസ് മേരിയ ആണ് എ.എസ്.ഐയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനോട് മോശം ഭാഷയിൽ സംസാരിച്ച വനിതാ മജിസ്ട്രേറ്റിനെതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്നെ സ്ഥലം മാറ്റുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എ എസ് ഐയും വനിതാ മജിസ്ട്രേറ്റും തമ്മിൽ സംസാരിക്കുന്നതിന്റെ വോയ്സ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിനെത്തുടർന്നാണ് കേസ് കോടതിയിൽ എത്തിയത്. കാണാതായ ആളെ കണ്ടെത്തി എന്ന് പറയുവാനാണ് പോലീസ് ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനെ ഫോൺ വിളിച്ചത്. ഇരു കാലുകൾക്കും വൈകല്യം സംഭവിച്ചതിനാൽ ലോട്ടറി കച്ചവടം നടത്തിക്കൊണ്ടിരുന്ന വ്യക്തിയെയാണ് കാണാതായത്. അദ്ദേഹത്തെ കണ്ടെത്തിയെന്ന് അറിയിക്കുവാൻ ആണ് പാറശ്ശാല എഎസ്ഐ മജിസ്ട്രേറ്റുമായ് ഫോണിൽ ബന്ധപ്പെട്ടത്. “മാഡം നമസ്കാരം പാറശ്ശാല സ്റ്റേഷനിലെ പോലീസ് ആണ് സാർ” എന്നു പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥൻ സംഭാഷണം ആരംഭിച്ചത്. എന്നാൽ മജിസ്ട്രേറ്റിന്റെ മറുപടി തികച്ചും അപമര്യാദമായ രീതിയിൽ ആയിരുന്നു. “ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ…? ഇങ്ങനെ കിടന്നു വിളിക്കാൻ… ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് നൂറുതവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ?….” ഇപ്രകാരമാണ് വനിതാ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥന് മറുപടി നൽകിയത്. കാണാതായ ആളെ കണ്ടെത്തി എന്ന വിവരം അറിയിക്കാൻ ആണ് വിളിച്ചതെന്ന് ഉടൻതന്നെ എഎസ്ഐ മറുപടി പറയുകയും ചെയ്തു. എന്നാൽ അപമര്യാദയുടെ സ്വരത്തിൽ തന്നെയാണ് അവർ വീണ്ടും പ്രതികരിച്ചത്. “അവൻ ഇറങ്ങി പോയപ്പോൾ അവന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?  അവൻ കുറച്ചുനേരം അവിടെ വെയിറ്റ് ചെയ്യട്ടെ. എനിക്ക് തോന്നുമ്പോൾ ഞാൻ വന്നു എടുക്കുന്നുള്ളൂ. എന്തു മാറ്റമാണിത്. മനുഷ്യന് ഒരാളെ ഫോൺ ചെയ്യാൻ പറ്റത്തില്ലല്ലോ. എനിക്ക് ഫ്രീ ആകുമ്പോൾ വിളിക്കും. ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചാൽ വിവരമറിയും പറഞ്ഞേക്കാം…” എന്നായിരുന്നു അവർ ഉറച്ച സ്വരത്തിൽ പറഞ്ഞത്. ഇതിന് മറുപടിയായി “സോറി മാഡം” എന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ ഫോൺ വെക്കുമ്പോഴാണ് വോയിസ് ക്ലിപ്പ് അവസാനിക്കുന്നത്. വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവന്നതോടെ നിരവധി വിമർശനങ്ങളാണ് വനിതാ മജിസ്ട്രേറ്റ്ന് നേരെ ഉയർന്നു വന്നത്.

Leave a Reply

Your email address will not be published.