
കടുത്ത ഓക്സിജൻ ക്ഷാമമാണ് കാസർഗോഡ് ജില്ലയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ ലഭ്യമാകാതെ വന്നപ്പോഴാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ പ്രതിസന്ധിയിലായത്. ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഓക്സിജൻ പോലും കിട്ടാത്ത അവസ്ഥയാണ് നിലവിൽ ജില്ലയിലുള്ളത്. കണ്ണൂരിലെ പ്ലാന്റിൽ നിന്നുമുള്ള ഓക്സിജൻ പൂർണ്ണമായും ജില്ലയിലേക്ക് എത്തിച്ചാൽ മാത്രമായിരിക്കും പ്രതിസന്ധിയിൽ മാറ്റമുണ്ടാകുന്നത്. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ തീരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓക്സിജന്റെ അഭാവം മൂലം പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. അതീവ ഗുരുതര നിലയിൽ കഴിയുന്ന രോഗികൾക്ക് മാത്രമാണ് നിലവിൽ ഓക്സിജൻ ലഭിക്കുന്നത്. പുതിയ രോഗികൾക്ക് ഓക്സിജന്റെ ആവശ്യം വരികയാണെങ്കിൽ അത് നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് കോഴിക്കോട് ജില്ല. മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ ആയിരുന്നു കഴിഞ്ഞ ദിവസം വരെ ജില്ലയിലുള്ള ആശുപത്രികളിൽ എത്തിച്ചിരുന്നത്. എന്നാൽ അതിന്റെ വരവ് അവസാനിച്ചതോടെയാണ് ആരോഗ്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത്. ഓക്സിജൻ ലഭ്യതയുടെ കണക്കുകളിൽ പോലും ഏറ്റക്കുറച്ചിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആവശ്യമായ ഓക്സിജന്റെ പകുതിപോലും ജില്ലയിൽ ഇപ്പോൾ ഇല്ല എന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ആശുപത്രികൾ നേരിടുന്ന പ്രതിസന്ധി മൂലം രോഗികളിൽ ചിലരോട് ഡിസ്ചാർജ് വാങ്ങി പോകുവാൻ ആണ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ മരണത്തിന്റെ കണക്കുകൾ വർധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 462 വലിയ സിലണ്ടറുകൾ വേണം എന്നാണ് ജില്ല അറിയിച്ചത്, എന്നാൽ അതുപോലും പര്യാപ്തമാകുന്ന സാഹചര്യമല്ല നിലവിലുള്ളത്.