റോക്കറ്റ് ആക്രമണത്തിൽ 13നില കെട്ടിടം തകർന്നു: പാലസ്‌തീൻ – ഇസ്രയേൽ സംഘർഷത്തിൽ മലയാളി നഴ്സ് അടക്കം 35 പേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ 7 വർഷത്തിനിടയിൽ നടന്ന ഏറ്റവും വലിയ സംഘർഷമായിരുന്നു പാലസ്തീൻ -ഇസ്രായേൽ വിഭാഗങ്ങൾക്കിടയിൽ അരങ്ങേറിയത്. ഇരുഭാഗത്തും വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിരപരാധികളായ അനേകം ജീവനുകളാണ് ഒറ്റരാത്രികൊണ്ട് അവസാനിച്ചത്. മലയാളി നഴ്സ് അടക്കം 35 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളുമുണ്ട്. പാലസ്തീനിൽ 32 പേരും ഇസ്രേലിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. മലയാളി നഴ്സ് ആയ ഇടുക്കി അടിമാലി സ്വദേശി സൗമ്യ ഇസ്രയേലിൽ വെച്ചാണ് കൊല്ലപ്പെട്ടത്. വൻ നാശനഷ്ടം സംഭവിച്ചത് ഗാസ നഗരത്തിലായിരുന്നു. ഗാസ നഗരത്തിലെ റോക്കറ്റ് ആക്രമണത്തിൽ 13 നില കെട്ടിടമാണ് തകർന്നു തരിപ്പണമായത്. ജറുസലേമിൽ അൽ അഖ്സാ പള്ളിയിൽ ആരംഭിച്ച സംഘർഷമാണ് നാടാകെ ആളിപ്പടർന്നത്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിലെ ആഷ്കലോൺ, ടെൽ അവീവ് എന്നീ പ്രദേശങ്ങളിലാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിനു മറുപടിയായിട്ടാണ് ഇസ്രയേൽ മറ്റ് ഹമാസ് കേന്ദ്രങ്ങൾ അക്രമണത്തിന് ഇരയാക്കിയത്. ഇസ്രയേലിലെ ആക്രമണത്തിൽ 10 കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുവാൻ ആണ് നിലവിൽ സംഘർഷങ്ങൾ നടക്കുന്നതെന്ന വിമർശനങ്ങളും ഉണ്ട്. ഇസ്രയേൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചതിനെ തുടർന്ന് യു എൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സംഘർഷം അവസാനിപ്പിച്ച് സമാധാനം നിലനിർത്തണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും അഭ്യർത്ഥന നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published.