
ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകനെ ബിഹാർ സ്വദേശിയായ പിതാവാണ് തല്ലിക്കൊന്നത്. കൂട്ടുകാരനോടൊപ്പം കറങ്ങാൻ പോയതിനാണ് പിതാവ് മകനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഉറങ്ങി എഴുന്നേറ്റ ഒമ്പതുവയസ്സുകാരന്റെ സഹോദരിയാണ് കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ടത്. കൊല്ലപ്പെട്ട നമൻ എന്ന ഒമ്പതുവയസ്സുകാരന്റെ 12 വയസ്സ് പ്രായമുള്ള സഹോദരി മാൻവിയാണ് വിവരങ്ങൾ പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തുവന്നത്. കൂട്ടുകാരനോടൊപ്പം പുറത്തുപോയി വന്ന ഒമ്പതുവയസ്സുകാരനോട് പിതാവ് ദേഷ്യപ്പെട്ടിരുന്നു എന്നും മാൻവി പറഞ്ഞു. വഴക്കു പറഞ്ഞതിനുശേഷം സഹോദരന്റെ കാലുകൾ കെട്ടി വീട്ടിനുള്ളിൽ ഇരുത്തുകയായിരുന്നു എന്നും സഹോദരി വെളിപ്പെടുത്തി. കെട്ടിയിട്ട കുട്ടിയെ ബോധം കെടുന്നതുവരെ പിതാവ് അടിക്കുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷമാണ് ബോധം നഷ്ടപ്പെട്ട കുഞ്ഞ് മരണപ്പെട്ടത്. കുഞ്ഞിന്റെ ശരീരത്തിൽ അനേകം ആന്തരിക മുറിവുകൾ ഉണ്ടായിരുന്നു എന്ന് ആശുപത്രി അധികൃതർ പരിശോധനയിലൂടെ വ്യക്തമാക്കി. രണ്ടു കുട്ടികളെയും കുറ്റാരോപിതനായ പിതാവ് നിരന്തരമായി മർദ്ദിക്കുമായിരുന്നുവെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞു. കുറ്റാരോപിതന്റെ മൂന്നാമത്തെ ഭാര്യ ശാന്തി ദേവിയാണ് ഭർത്താവിനെതിരെ പോലീസിൽ പരാതി രേഖപ്പെടുത്തിയത്. കുറ്റാരോപിതനായ വിജയി ലാൽ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയിൽ ഉണ്ടായ മക്കളാണ് മാൻവിയും കൊല്ലപ്പെട്ട നമനും. രണ്ടാം ഭാര്യ മരിച്ചതോടെയാണ് ശാന്തി ദേവിയെ ഇയാൾ വിവാഹം കഴിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം 9 വയസ്സുകാരന്റെ മൃതശരീരം കുടുംബാംഗങ്ങൾക്ക് കൈമാറുകയായിരുന്നു. വിജയ് ലാൽ ചൗധരിയുടെ പേരിൽ കൊലപാതക കുറ്റം ചാർത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.