കോവിഡ് ബാധിച്ച അമ്മയെ വഴിയിലുപേക്ഷിച്ച മകനെതിരെ കേസെടുത്തു: പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും സ്ത്രീ മരണപ്പെടുകയായിരുന്നു.

കോവിഡ് പോസിറ്റീവായ അമ്മയെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ മക്കളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഉത്തർപ്രദേശിലെ കാൻപൂരിൽ ആണ് അതി ദാരുണമായ സംഭവം നടന്നത്. ഗുരുതരമായ അവസ്ഥയിൽ അമ്മയെ തനിച്ചാക്കി മകനും മകളും പോവുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കിടക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ വൈറൽ ആയപ്പോഴാണ് സംഭവ സ്ഥലത്ത് പോലീസ് എത്തിയത്. ഉടൻതന്നെ ആംബുലൻസിൽ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വയോധികയായ സ്ത്രീ മരണപ്പെടുകയായിരുന്നു. കാൻപൂർ കന്റോൺമെന്റ് സ്വദേശിയായ വിശാലാണ് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ സ്വന്തം അമ്മയെ റോഡിൽ ഉപേക്ഷിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വിശാലിന്റെ അമ്മയ്ക്ക് കടുത്ത ശ്വാസതടസ്സം നേരിടേണ്ടി വരികയായിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോൾ വിശാൽ തന്റെ സഹോദരിയുടെ വീടിനു മുൻപിൽ ഉള്ള റോഡിൽ അവരെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ മരണാസന്ന നിലയിൽ കിടക്കുന്ന അമ്മയെ മകളും തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. പരിസര പ്രദേശത്തുള്ള സ്ത്രീകളാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വയോധികയുടെ ചിത്രം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ശേഷം സംഭവ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുവാൻ സാധിക്കാത്തതിനാൽ ചികിത്സയിലിരിക്കെ തന്നെ അവർ മരിക്കുകയായിരുന്നു. റോഡരികിൽ അമ്മയെ ഉപേക്ഷിച്ച മകനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. അവശനിലയിലായ അമ്മയെ മരണത്തിനു വിട്ടു കൊടുത്ത മകൻ വിശാലിനെതിരെ കർശന നടപടി തന്നെ എടുക്കുമെന്നാണ് ഡി.സി.പി അനൂപ് സിംഗ് പറയുന്നത്. സംഭവത്തിൽ വിശാലിന്റെ സഹോദരിയെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published.