
കോവിഡ്-19 ന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയായിരുന്നു. കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ഉത്തരവാദിയായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. ഇലക്ഷൻ പ്രചാരണങ്ങളും റാലികളും നടത്തിയതാണ് കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം ഉണ്ടാകുവാൻ കാരണം എന്നും ഹൈക്കോടതി വെളിപ്പെടുത്തി. സാമൂഹിക വ്യാപനം തടയുവാനുള്ള യാതൊരു തരത്തിലുള്ള മുൻകരുതലുകളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതി കമ്മീഷനെതിരെ വിമർശനം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി അറിയിക്കുകയായിരുന്നു. കടുത്ത വിമർശനമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനർജി ഉൾപ്പെടെയുള്ള സംഘം പുറത്തുവിട്ടത്. കോവിഡ് 19ന്റെ കൃത്യമായ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന ഉറപ്പു നൽകിയില്ലെങ്കിൽ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരുമെന്നാണ് മദ്രാസ് ഹൈക്കോടതി ഇലക്ഷൻ കമ്മീഷന് മുന്നറിയിപ്പ് നൽകിയത്. മെയ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വോട്ടെണ്ണൽ തടസ്സം കൂടാതെ നടത്തണമെങ്കിൽ സാമൂഹിക വ്യാപനം തടയുന്ന തരത്തിൽ ഉള്ള നടപടികൾ ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉറപ്പു വരുത്തണം എന്നാണ് ഹൈക്കോടതി നിർദേശിച്ചത്. കൂടാതെ പൊതുജനത്തിന്റെ ആരോഗ്യമാണ് പരമപ്രധാനം എന്ന അഭിപ്രായവും ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ നിങ്ങൾ അന്യഗ്രഹത്തിൽ ആയിരുന്നോ എന്നും ഹൈക്കോടതി രൂക്ഷമായി പരിഹസിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഉള്ള വോട്ടെണ്ണൽ ദിനത്തിന്റെ നിർദ്ദേശങ്ങൾ ഈ മാസം 30 ന് മുൻപ് ഹൈ കോടതിയുടെ മുമ്പാകെ സമർപ്പിക്കണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകിയിരിക്കുന്നത്.