പത്തനംതിട്ടയിൽ ഐ.സി.യു ബെഡ് ലഭിക്കാത്തതിനെത്തുടർന്ന് കോവിഡ് ബാധിച്ച യുവാവ് മരിച്ചു.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ ധനീഷ് കുമാറാണ് (38)  കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണപ്പെട്ടത്. 8 ദിവസം മുമ്പാണ് ധനീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ശേഷം ചികിത്സക്കായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് ധനീഷ് എത്തിയത്. ഓക്സിജന്റെ അളവ് കുറയുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ കിടത്തി ചികിത്സിച്ചാൽ മതിയെന്നാണ് ആശുപത്രി അധികൃതർ ധനീഷിനോട് പറഞ്ഞത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരപ്രകാരം ധനീഷ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ധനീഷിന്റെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് ധനീഷിന്റെ ഓക്സിജന്റെ അളവ് എൺപതിൽ താഴെ ആയത്. ഇതോടെ പഞ്ചായത്ത് അംഗം കോവിഡ് കൺട്രോൾ സെല്ലിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കോവിഡ് ചികിത്സ നടത്തിക്കൊണ്ടിരുന്ന രണ്ട് സർക്കാർ ആശുപത്രികളിലും ഐസിയു കിടക്ക ഒടുവില്ലെന്നാണ് കൺട്രോൾ സെല്ലിൽ നിന്ന് അറിയിച്ചത്. ശേഷം സ്വകാര്യ ആശുപത്രികളെയും സമീപിക്കുകയുണ്ടായി. കിടക്കകൾ ഒടുവില്ലെന്നാണ് സമീപിച്ച ഭൂരിപക്ഷം ആശുപത്രികളിലെ അധികൃതരും അറിയിച്ചത്. ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായി എന്ന് ആശുപത്രി അധികൃതരോട് പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ ഓക്സിജൻ നൽകാം എന്നാണ് പറഞ്ഞത്. ആംബുലൻസ് എത്തിക്കുന്ന സമയം പോലും ലാഭിക്കാൻ വേണ്ടി കാറിലാണ് ധനീഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാത്തതിനാൽ ധനീഷിന്റെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ധനീഷ് വീട്ടിൽ തന്നെയായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. എന്നാൽ പെട്ടെന്നാണ് ഓക്സിജന്റെ കുറവ് ധനീഷിന് അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published.