
കോതമംഗലത്ത് മൂന്നാമത്തെ വീട്ടമ്മയാണ് ഇപ്പോൾ മരണപ്പെടുന്നത്. മൂന്ന് മരണങ്ങളും പട്ടാപ്പകൽ ആണ് നടന്നത്. പ്രതികളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും നിലവിൽ ലഭിച്ചിട്ടില്ല എന്നാണ് പോലീസും ക്രൈം ബ്രാഞ്ചും ഒരുപോലെ പറയുന്നത്. അതീവ ദുരൂഹത നിലനിർത്തുന്ന കൊലപാതകങ്ങളാണ് കോതമംഗലത്ത് നടന്നത്. ചെറുവത്തൂരിൽ നിനി, മാതിരപ്പിള്ളിയിൽ ഷോജി എന്നീ വീട്ടമ്മമാരുടെ മരണത്തിനുശേഷം ആണ് ഇപ്പോൾ അയിരൂർപാടത്ത് ആമിന കൊല്ലപ്പെട്ടത്. സമാന സ്വഭാവങ്ങളുള്ള മൂന്ന് കൊലപാതകങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളായി നിലനിൽക്കുകയാണ് ഇപ്പോഴും. 2019 മാർച്ച് 11 നാണ് ആദ്യത്തെ കൊലപാതകം നടന്നത്. ചെറുവട്ടൂർ കരിപ്പാലാക്കുടി ബിജുവിന്റെ ഭാര്യ നിനി (24) ആണ് ആദ്യം കൊല്ലപ്പെട്ടത്. നിനി അംഗനവാടി അധ്യാപികയായിരുന്നു. കുളിക്കാൻ തോട്ടിൽ പോയ നിനിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെടുത്തത്. സംഭവം നടന്ന് 12വർഷം കഴിഞ്ഞിട്ടും നിനിയുടെ കൊലപാതകം ദുരൂഹമായി തന്നെ നിലനിൽക്കുന്നു. 2012 ഓഗസ്റ്റ് എട്ടിനാണ് മാതിരപ്പിള്ളി കണ്ണാടിപ്പാറ കെ. എ. ഷാജിമോന്റെ ഭാര്യ ഷോജി (34) കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കഴുത്തറുക്കപെട്ട നിലയിൽ കിടപ്പുമുറിയിലെ പായയിൽ ആണ് ഷോജിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായി. ഒമ്പത് വർഷങ്ങൾ പിന്നിട്ടിട്ടും കേസിലെ കാര്യത്തിൽ യാതൊരു തീരുമാനവുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് ഏഴാം തീയതി അയിരൂർപാടം പാണ്ഡ്യാർപിള്ളിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആമിന (66) കൊല്ലപ്പെട്ടത്. വീടിനു സമീപത്തുള്ള തോട്ടിൽ നിന്നാണ് ആമിനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പാടത്ത് പുല്ലറുക്കാൻ പോയ ആമിനയുടെ മൃതദേഹം നീരൊഴുക്ക് കുറഞ്ഞ തോട്ടിൽ ആണ് കണ്ടെത്തിയത്. ബലം പ്രയോഗിച്ചുള്ള മുങ്ങിമരണം ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയത്. ശരീരത്തിലെ സ്വർണാഭരണങ്ങളും കാണാതായിരുന്നു. മേൽപ്പറഞ്ഞ മൂന്ന് കേസുകളും പോലീസ് അന്വേഷണം പരാജയപ്പെട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയവയാണ്. എന്നാൽ പ്രതിയെ സംബന്ധിച്ച വ്യക്തതകൾ ഒന്നും നാളിതുവരെ ലഭിച്ചിട്ടില്ല.