
കാറപകടത്തിൽപ്പെട്ട് അകാലത്തിൽ അന്തരിച്ച സുരേഷ് ഗോപിയുടെ മകളുടെ പേരിൽ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. അക്കൂട്ടത്തിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന പദ്ധതിയും തുടക്കമിടുകയാണ്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആണ് മകളുടെ പേരിലുള്ള “പ്രാണ പദ്ധതി”ക്ക് തുടക്കമിട്ടത്. അത്യാസന്ന നിലയിലായ കൊറോണ രോഗികൾക്ക് വേണ്ടി പ്രാണവായു സജ്ജീകരിക്കുന്ന പദ്ധതിയാണ് സുരേഷ് ഗോപിയുടെ പ്രാണ പദ്ധതി. മരണപ്പെട്ട മകൾ ലക്ഷ്മിയുടെ പേരിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഓക്സിജൻ ആവശ്യമായ രോഗികളുടെ കട്ടിലിൽ പൈപ്പ് വഴി ഓക്സിജൻ എത്തിക്കുന്ന പദ്ധതിയാണ് സുരേഷ് ഗോപി ആവിഷ്കരിച്ചിരിക്കുന്നത്. തൃശൂർ ഗവൺമെന്റ് ആശുപത്രിയിലെ ഒരു വാർഡിൽ ആവശ്യമായ ഓക്സിജൻ സംവിധാനങ്ങൾ ആണ് സൗജന്യമായി സുരേഷ് ഗോപി ഒരുക്കിയത്. 7.6 ലക്ഷം രൂപ മുടക്കിയാണ് 64 കിടക്കകൾ ആശുപത്രിയിൽ സജ്ജീകരിച്ചത്. ആശുപത്രിയിലെ ആറു വാർഡുകളിലാണ് സൗജന്യ ഓക്സിജൻ സജ്ജീകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 500 ബെഡുകൾക്ക് അരികിലും ഓക്സിജൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാൻ 12,000 രൂപയാണ് ചിലവ് വരുന്നത്. എന്നാൽ ഇവക്ക് ആവശ്യമായ തുക എം.പി ഫണ്ടിൽ നിന്നല്ല സ്വീകരിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്വന്തം പണം ഉപയോഗിച്ചാണ് എം. പി ആയ സുരേഷ് ഗോപി തന്റെ മകളുടെ പേരിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു കൊറോണ രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് പ്രാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് എന്നാണ് ചെക്ക് കൈമാറുന്ന വേളയിൽ സുരേഷ്ഗോപി വ്യക്തമാക്കിയത്.