ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നതിന്റെ ദേഷ്യത്തിന് മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നു

അരിവാൾ ഉപയോഗിച്ച് സ്വന്തം ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം മുംബൈയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി കൊലപാതകം നടത്തിയത്. അരിവാൾ ഉപയോഗിച്ച് വെട്ടിയ ഭാര്യ തൽസമയം തന്നെ മരിക്കുകയായിരുന്നു. മത്സ്യ തൊഴിലാളിയായ സന്തോഷ് പട്ടീലാണ് ഭാര്യ സന്ധ്യയെ അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. സംഭവത്തിൽ നാൽപതുകാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നവി മുംബൈ പോലീസ് ഉദ്യോഗസ്ഥരാണ് 35 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവം നടന്ന രാത്രി ദമ്പതികൾ തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും തമ്മിൽ ഉണ്ടായ തർക്കം അതിരുകവിഞ്ഞപ്പോൾ അയൽവാസികളും ഇടപെടുകയായിരുന്നു. ദമ്പതികളുടെ 11 വയസ്സ് പ്രായമുള്ള മകനാണ് മാതാപിതാക്കൾ വഴക്കുണ്ടാക്കുന്നുണ്ടെന്ന വിവരം അയൽവാസികളെ അറിയിച്ചത്. വാതിലടച്ച് മുറിക്കുള്ളിൽ ആയിരുന്നു ദമ്പതികൾ വഴക്ക് ഉണ്ടാക്കിയത്. അയൽവാസികൾ പറഞ്ഞിട്ട് പോലും കുറ്റാരോപിതനായി പ്രതി വാതിൽ തുറക്കുവാൻ തയ്യാറായിരുന്നില്ല. പിന്നീടാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യ സന്ധ്യയുടെ അടുത്ത് അരിവാൾ പിടിച്ചുകൊണ്ട് നിൽക്കുന്ന ഭർത്താവ് സന്തോഷിനെ ആണ് പോലീസും നാട്ടുകാരുമടങ്ങുന്ന സംഘം കണ്ടത്. ചോദ്യംചെയ്യലിനെ തുടർന്ന് സന്തോഷ് കുറ്റസമ്മതം നടത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സന്തോഷിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഭാര്യ സന്ധ്യ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും അയാൾ പോലീസിനോട് പറയുകയുണ്ടായി. ആശുപത്രിയിൽ കൊണ്ടുപോകുവാൻ ഭാര്യ വിസമ്മതിച്ചതു കൊണ്ടാണ് അരിവാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതക കാരണം വ്യക്തമാക്കാനുള്ള അന്വേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.