25കാരിയായ വനിത ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു: മരണസമയത്ത് യുവതി 5 മാസം ഗർഭിണിയായിരുന്നു.

കണ്ണൂർ സ്വദേശിയായ 25 വയസ്സുകാരിയാണ് കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ശ്വാസ തടസ്സത്തിൽ മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ വച്ചാണ് വനിത ഡോക്ടർ ആയിരുന്ന മഹ മരിച്ചത്. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് പിറകിലെ നബാംസ് വീട്ടിൽ സി.സി അബ്ദുൽ ബഷീറിന്റെയും, നസ്റിയ ബഷീറിന്റെയും മകളായ ഡോ. സി.സി മഹ ബഷീർ മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം. ഡിക്ക് പഠിക്കുകയായിരുന്നു. കാസർഗോഡ് മേൽപറമ്പ് ഡോക്ടർ സഫറിന്റെ ഭാര്യയായ ഡോ. മഹ അഞ്ചു മാസം ഗർഭിണിയായിരുന്നു. ഗർഭാവസ്ഥയിലായിരുന്നതുകൊണ്ടാണ് രോഗം മൂർച്ഛിച്ചതെന്ന് മഹയെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഡോ. മഹ മംഗളൂരു ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിച്ചത്. എന്നാൽ മരണം സംഭവിക്കുന്നതിനു രണ്ട് ദിവസം മുൻപ് മഹയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുകയായിരുന്നു. പക്ഷേ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നിട്ടും മഹക്ക് കടുത്ത ശ്വാസതടസം നേരിടേണ്ടി വരികയായിരുന്നു. അതുകൊണ്ടുതന്നെ ഡോക്ടർമാർ ആശുപത്രിയിൽ തന്നെ തുടരുവാൻ നിർദ്ദേശിക്കുകയായിരുന്നു. മഹയുടെ ആരോഗ്യനില ഗുരുതരം ആയപ്പോൾ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കുവാനും ഡോക്ടർമാർ ശ്രമിച്ചിരുന്നു. എന്നാൽ ശിശുവിനെ രക്ഷിക്കുവാനുള്ള പരിശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴങ്ങി മഹ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. വെളുപ്പിനെ ആറു മണിക്കാണ് ഡോക്ടർ മഹയുടെ മരണം ആശുപത്രി അധികൃതർ സ്ഥിതീകരിച്ചത്. പിന്നീട് മംഗളൂരുവിൽ നിന്ന് മഹയുടെ മൃതശരീരം തലശ്ശേരിയിലെ വീട്ടിൽ എത്തിക്കുവാനുള്ള നടപടികളും പൂർത്തിയാക്കി. തലശ്ശേരിയിലെ സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് 5 മാസം പ്രായമുള്ള ഗർഭസ്ഥശിശുവിനോടൊപ്പം മഹയുടെ മൃതശരീരം കബറടക്കിയത്.

Leave a Reply

Your email address will not be published.