സ്വകാര്യ ആശുപത്രിയിൽ തീപിടിത്തമുണ്ടായി, നാലു രോഗികൾ മരിച്ചു: അപകടകാരണം അവ്യക്തം

മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിലാണ് അപകടം സംഭവിച്ചത്. താനെയിലെ സ്വകാര്യ ആശുപത്രിയിൽ പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ നാല് രോഗികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രോഗികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മുബ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടി കെയർ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.40 നായിരുന്നു അപകടം സംഭവിച്ചത്. തീപിടുത്തത്തിൽ ആശുപത്രിയിലെ ഒന്നാം നില പൂർണമായും തകരുകയായിരുന്നു. കോവിഡ് രോഗികൾ ആരും തന്നെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നില്ല എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഐസിയുവിൽ ചികിത്സയിൽ ഉണ്ടായിരുന്ന ആറ് രോഗികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപതോളം രോഗികളെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ ഒന്നാം നിലയിൽ ഉണ്ടായിരുന്നു 4 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേന അംഗങ്ങളാണ് സംഭവസ്ഥലത്ത് തീപിടുത്തത്തെ തുടർന്ന് എത്തിച്ചേർന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ തീ പൂർണമായി അണയ്ക്കുവാൻ അഗ്നി രക്ഷാ സേനാംഗങ്ങൾക്കു സാധിച്ചു. അപകടകാരണം വ്യക്തമല്ലാത്തതിനാൽ പോലീസ് അന്വേഷണം നടത്തുമെന്ന് അധികാരികൾ അറിയിച്ചു. അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബാംഗങ്ങൾക്കും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഉറപ്പു നൽകിയത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉന്നതതല സമിതിയിൽ ഉള്ള അന്വേഷണ സംഘത്തെ ഏർപ്പെടുത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.