ദുരൂഹസാഹചര്യത്തിൽ അമ്മയും മകനും തൂങ്ങിമരിച്ചനിലയിൽ.

ഇടുക്കി ജില്ലയിലെ ഉപ്പുതറ സ്വദേശികളായ അമ്മയും മകനും ആണ് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആയിരിക്കാം ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കി കട്ടപ്പന ഉപ്പുതറ ടെമ്പിൾ റോഡ് തോപ്പിൽ വിശ്വംഭരന്റെ ഭാര്യ സരസമ്മയും (67) മകൻ രാജേഷും (42) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലേബറിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത രാജേഷ് ഏരൂരിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രാജേഷിനെ വീട്ടിൽ നിന്ന് കാണാതായത്. അമ്മയെ കാണാൻ ആണെന്ന് പറഞ്ഞാണ് രാജേഷ് ഏരൂരിലുള്ള വീട്ടിൽ നിന്ന് പുറപ്പെട്ടത്. രാത്രി ഏറെ വൈകിയിട്ടും രാജേഷ് തിരിച്ചു വീട്ടിലെത്താതിരുന്നപ്പോഴാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിലും രാജേഷിനെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ശനിയാഴ്ച ഉച്ചയോടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് രാജേഷിന്റെയും അമ്മയുടെയും മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഒരു പ്രൈവറ്റ് കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആത്മഹത്യ ചെയ്ത രാജേഷ്. ഈ സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിൽ ആയിരുന്നു രാജേഷിന്റെ അമ്മ സരസമ്മ ജോലിക്ക് പോയിരുന്നത്. കടുത്ത സാമ്പത്തിക ദാരിദ്ര്യമായിരുന്നു കുടുംബം നേരിട്ടിരുന്നത് എന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകൾ ഒന്നുംതന്നെ പോലീസിന് കണ്ടെത്താനായില്ല. ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ തന്നെ ആയിരിക്കാം കാരണം എന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എത്തിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.