ആഗസ്തിയോട് തല മൊട്ടയടിക്കരുതേയെന്ന് എം. എം. മണി: തോറ്റാൽ മൊട്ടയടിക്കുമെന്ന് ആഗസ്തിയും.

ഉടുമ്പൻചോലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇ.എം ആഗസ്തിയാണ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് ഉറപ്പുനൽകിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാൽ ലക്ഷം കടന്ന ലീഡാണ് ഉടുമ്പൻചോലയിലെ സിറ്റിങ് എം എൽ എയും മന്ത്രിയുമായ എം. എം മണിക്ക് ലഭിച്ചത്. ഈ അവസരത്തിലാണ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന ഇ. എം ആഗസ്ത്തിന്റെ വാക്കിന് പ്രസക്തി വന്നത്. റിസൾട്ട് പ്രഖ്യാപിച്ചാലുടൻ തന്നെ തല മൊട്ടയടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇ. എം ആഗസ്തി. എന്നാൽ തല മൊട്ട എടുക്കേണ്ട ആവശ്യമില്ലെന്നാണ് എതിർ സ്ഥാനാർഥിയായ എം.എം മണി ആഗസ്തിയോട് പറഞ്ഞത്. 2011 മുതൽ തുടർച്ചയായി സി പി എം ജയിച്ചിരുന്ന മണ്ഡലമായതിനാൽ തന്നെ ഇത്തവണയും എം. എം മണിക്ക് അനുകൂലമായിരിക്കും ഉടുമ്പൻചോല എന്നുള്ള വിശ്വാസവും പാർട്ടിക്കുണ്ടായിരുന്നു. മുൻ എം എൽ എ ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവിനെ ആണ് ഇത്തവണ എം.എം മണിക്കെതിരായി പ്രതിപക്ഷം നിയോഗിച്ചത്. 25 വർഷങ്ങൾക്കു മുൻപാണ് ഇവർ രണ്ടുപേരും ഒരുമിച്ച് ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുത്തത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഇവരുടെ പോരാട്ടത്തിൽ ജനം ആവേശഭരിതരായിരുന്നു. ബി ഡി ജെ എസ് സന്തോഷ് മാധവൻ ആയിരുന്നു ഉടുമ്പൻചോലയിൽ എൻ. ഡി. എ സ്ഥാനാർത്ഥി. എന്നാൽ എല്ലാവരെയും പിന്നിലാക്കി വമ്പിച്ച ഭൂരിപക്ഷമാണ് എം. എം മാണി നേടിയത്. തന്റെ ഗംഭീര വിജയത്തെക്കുറിച്ച് മന്ത്രി എം. എം മണി ഫേസ്ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു “എല്ലാവർക്കും നന്ദി എന്റെ സുഹൃത്തുകൂടിയായ ഇ.എം ആഗസ്തി നല്ല മത്സരമാണ് കാഴ്ചവച്ചത്. മണ്ഡലത്തിലെ പൊതുസ്ഥിതി മാത്രമാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചത്. ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.” ഉടുമ്പൻചോല മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ആണ് ഇത്തവണ എം. എം മണിക്ക് വോട്ട് നൽകിയത്.

Leave a Reply

Your email address will not be published.