
തൃശ്ശൂർ ജില്ലയിലെ ആളൂർ വെള്ളാഞ്ചിറ ചേരമാൻ തുരുത്തിൽ ഫ്രാൻസിസ് ആണ് പരസ്യ തട്ടിപ്പിനെ തുടർന്ന് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകിയത്. ഒരിക്കലും പോറില്ലെന്ന പരസ്യ വാചകത്തോടെയാണ് കമ്പനി കണ്ണട പുറത്തിറക്കിയത്. എന്നാൽ സംഗതി കല്ലുവെച്ച നുണയാണെന്ന് തൃശ്ശൂർ സ്വദേശി തെളിയിക്കുകയായിരുന്നു. മൂന്നു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് അനുകൂലമായ വിധി തൃശ്ശൂർ സ്വദേശിയായ പരാതിക്കാരനെ തേടിയെത്തിയത്. മൂന്ന് വർഷം മുൻപ് ചാലക്കുടിയിലെ ഒരു കണ്ണട കടയിൽ നിന്നാണ് മാർക്കറ്റിലുള്ള പ്രശസ്ത ബ്രാൻഡിന്റെ കണ്ണട വാങ്ങിയത്. കണ്ണടയിൽ ഒരിക്കലും പോറൽ ഏൽക്കില്ലെന്ന തെളിവുകൾ പോലും കമ്പനി നിരത്തിയിരുന്നു. വീഡിയോ സഹിതം ആണ് കമ്പനി തന്റെ തെളിവുകൾ നിരത്തിയത്. കരിങ്കൽ ചീളിനൊപ്പം ലെൻസിട്ട് കുടഞ്ഞതിന് ശേഷം ഒരു പോറൽ പോലും ഏൽക്കാതെ ലെൻസ് പുറത്തെടുത്ത വീഡിയോ ആണ് കമ്പനി ഉപഭോക്താവായ പരാതിക്കാരനെ കാണിച്ചത്. ഇത് വിശ്വസിച്ചാണ് പരാതിക്കാരൻ ലെൻസ് വാങ്ങിയത്. രാത്രി യാത്ര ചെയ്യുവാനുള്ള സൗകര്യത്തിന് വേണ്ടി വെളിച്ചം കുറയ്ക്കുന്ന നൈറ്റ് വിഷൻ സംവിധാനം ഉൾപ്പെടെയുള്ള ലെൻസാണ് ഫ്രാൻസിസ് കടയിൽ നിന്ന് വാങ്ങിയത്. 5400 രൂപ കൊടുത്താണ് ഫ്രാൻസിസ് മേൽപ്പറഞ്ഞ കണ്ണട വാങ്ങിയത്. എന്നാൽ കമ്പനി വാഗ്ദാനം ചെയ്ത പോലുള്ള ലൈറ്റ് വിഷൻ സംവിധാനം കണ്ണടയിൽ ഉണ്ടായിരുന്നില്ല. നൈറ്റ് വിഷൻ ഫലപ്രദമാകാതെ വന്നപ്പോൾ ഫ്രാൻസിസ് കണ്ണട തിരിച്ചു നൽകുകയായിരുന്നു. എന്നാൽ പോറൽ ഏറ്റതിനെ തുടർന്നാണ് നൈറ്റ് വിഷൻ ഫലപ്രദമാകാതിരുന്നത് എന്നാണ് കമ്പനിക്കാർ പറഞ്ഞത്. അപ്പോഴാണ് ഫ്രാൻസിസ് പോറൽ വീഴില്ലെന്ന പരസ്യത്തെക്കുറിച്ച് ചോദിച്ചത്. തുടർന്ന് കടക്കാർക്ക് ഉത്തരം ഇല്ലാതാവുകയായിരുന്നു. കണ്ണട മാറ്റി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അതും ചെയ്യാതെയാണ് ഫ്രാൻസിനെ കടക്കാർ തിരിച്ചയച്ചത്. തുടർന്ന് ഉപഭോക്ത ഫോറത്തിൽ പരാതി രേഖപ്പെടുത്തുകയായിരുന്നു. മൂന്നു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 30,000 രൂപ നഷ്ടപരിഹാരം നൽകുവാനായി കമ്പനിക്കെതിരെ വിധി വരികയായിരുന്നു.