സൗന്ദര്യ സംരക്ഷണത്തോടൊപ്പം മിന്നൽ വേഗത്തിലുള്ള മോഷണവും: 3 സ്ത്രീകളെ പോലീസ് പിടികൂടി.

തമിഴ്നാട് സ്വദേശികളായ ബിന്ദു (48),  സിന്ധു (40), ഗംഗാ ദേവി (27) എന്നിവരാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. ബസിൽ മോഷണം നടത്തുവാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ബസ്സുകളിൽ മനപ്പൂർവ്വം തിരക്ക് സൃഷ്ടിച്ചതിന് ശേഷമാണ് ഇവർ മോഷണം ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,പാലക്കാട്,എറണാകുളം എന്നീ ജില്ലകളിൽ എല്ലാം തന്നെ സ്ഥിരമായി മോഷണം നടത്തുന്നവരാണ് പിടിയിലായ മോഷ്ടാക്കൾ. ഏകദേശം ഒന്നര മാസത്തോളം കേരളത്തിൽ തന്നെ താമസിച്ചു മോഷണം നടത്തി വരികയായിരുന്നു ഇവർ. ഇടയ്ക്ക് സ്വന്തം നാടായ തെങ്കാശിക്ക് മടങ്ങും. തിരിച്ചെത്തി വീണ്ടും മോഷണം ആരംഭിക്കും, ഇതായിരുന്നു ഇവരുടെ പതിവ്. ബസുകളിലും ഓട്ടോകളിലും ആയി അതീവ ജാഗ്രത പുലർത്തി ആണ് ഇവർ മോഷ്ടിക്കുന്നത്. നടക്കൽ അടുതല പ്രദീപ് ഭവനിൽ തങ്കമ്മയുടെ സ്വർണ്ണമാല ആണ് ഇവർ അവസാനമായി മോഷ്ടിച്ചത്. മോഷ്ടാക്കളായ സ്ത്രീകളെ പിടികൂടിയെന്ന വിവരമറിഞ്ഞ് തങ്കമ്മ പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു. ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മടങ്ങി അതിനുശേഷം കയറിയ ഓട്ടോയിൽ ഉണ്ടായിരുന്ന മോഷ്ടാക്കളായ സ്ത്രീകളാണ് തങ്കമ്മയുടെ മാല തന്ത്രത്തിൽ മോഷ്ടിച്ചെടുത്തത്. ഓട്ടോയിൽ നിന്നിറങ്ങി വീട്ടിലെത്തിയപ്പോഴാണ് തങ്കമ്മ മാല മോഷണം പോയ വിവരം അറിഞ്ഞത്. അത്രയും മിന്നൽവേഗത്തിൽ ആണ് ഇവർ ആഭരണങ്ങളും മറ്റും മോഷ്ടിക്കുന്നത്. പ്രതികളായ മൂന്ന് പേരും ഒരുമിച്ചാണ് മോഷണം നടത്തുവാൻ ഇറങ്ങുന്നത്. കെ എസ് ആർ ടി സി ബസുകൾ ആണ് ഇവരുടെ പ്രധാന മോഷണ കേന്ദ്രം. മിന്നൽവേഗത്തിൽ മോഷണം നടത്തുക മാത്രമല്ല വേറെയും കൗതുകകരമായ കാര്യങ്ങൾ ഇവർക്കിടയിലുണ്ട്. കൂട്ടത്തിലെ പ്രായം കുറഞ്ഞ മോഷ്ടാവായ ഗംഗാദേവി നഗരത്തിലെ എല്ലാ മികച്ച ബ്യൂട്ടിപാർലർലെയും സ്ഥിരം സന്ദർശകയാണ്. മോഷണത്തിൽ മാത്രമല്ല സൗന്ദര്യ കാര്യങ്ങളിലും ഇവർ യാതൊരു വിട്ടുവീഴ്ചയും നടത്താറില്ല. മോഷണത്തിനു പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്ന നിർബന്ധവും ഇക്കൂട്ടർക്ക് ഉണ്ട്. കർശനമായി പാലിച്ചു വരുന്ന ചില തൊഴിൽ രഹസ്യങ്ങളാണ് ഇവരുടെ ഇത്രയും കാലത്തെ മോഷണ വിജയത്തിന് കാരണം. മൂവർ സംഘത്തിൽ ഒരാളായ ബിന്ദുവിന്റെ പേരിൽ മാത്രം 40ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.  പലതവണ മോഷണക്കുറ്റത്തിന് അറസ്റ്റിലായെങ്കിലും ഇവർ ജാമ്യത്തിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.