കുടിലിൽ ജനിച്ച സ്വപ്നത്തെ വാശിയോടെ സ്വന്തമാക്കി: ഐ ഐ എം അസിസ്റ്റന്റ് പ്രൊഫസർ തന്റെ ജീവിതകഥ തുറന്നുപറയുന്നു.

കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ രഞ്ജിത്ത് ആർ പനത്തൂർ സഹനത്തിന്റെയും ദാരിദ്ര്യത്തിന്റെയും വഴികളിലൂടെ തന്റെ സ്വപ്നം സ്വന്തമാക്കിയ കഥ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം കുറിച്ച അനുഭവകഥ ഇതിനോടകം തന്നെ പലരുടെയും പ്രചോദന കഥയായി മാറുകയായിരുന്നു. “ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നു എങ്കിൽ അതാണ് എന്റെ വിജയം” എന്ന് പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അച്ഛന്റെയും അമ്മയുടെയും സഹനവും രഞ്ജിത്തിന്റെ കഠിനാധ്വാനവും കൂടിയായപ്പോൾ ഐ ഐ എം റാഞ്ചിലേക്ക് ഉള്ള ദൂരം വളരെ കുറവായി തോന്നുകയായിരുന്നു അദ്ദേഹത്തിന്. പഠിക്കുവാനുള്ള പണംപോലും രാത്രികാലങ്ങളിൽ ജോലി ചെയ്തായിരുന്നു അദ്ദേഹം നേടിയത്. ആരും കൊതിക്കുന്ന ഒരു സ്ഥാനത്ത് ഇപ്പോൾ അദ്ദേഹം നിൽക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പ് വെളിപ്പെടുത്തുന്നു. “ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെയാണ് വളർന്നത്. ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിലൊരു ഐഐഎം അസിസ്റ്റൻഡ് പ്രൊഫസർ ജനിച്ചിരിക്കുന്നു. ഈ വീട് മുതൽ ഐ ഐ എം റാഞ്ചി വരെയുള്ള കഥ പറയണം എന്നു തോന്നി” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. ശേഷം തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകളും കുറിച്ച് വിശദീകരിക്കുകയായിരുന്നു. ഹയർസെക്കൻഡറി കാലഘട്ടം മുതലുള്ള ജീവിത സഹനങ്ങൾ തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. “അത് ചെയ്യണം ഇത് ചെയ്യണം എന്ന് അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല. പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല.. ഒഴുക്കിൽപ്പെട്ട് അവസ്ഥയായിരുന്നു, പക്ഷേ മീനിങ് ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു” എന്നാണ് താൻ നേരിടേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് രഞ്ജിത്ത് വ്യക്തമാക്കിയത്. ഐഐടി മദ്രാസിലെ പി. എഛ്. ഡി പഠനം പാതിവഴിയിൽ ഉപേക്ഷിക്കുവാൻ പോലും ഒരിക്കൽ രഞ്ജിത്ത് ആഗ്രഹിച്ചിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ കരകയറി ഇപ്പോൾ ആരും കൊതിക്കുന്ന ഒരു ക്യാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുകയാണ്. അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു: “എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരുംമുൻപേ വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്കു പകരം സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷേ തലയ്ക്കുമുകളിൽ ഇടിഞ്ഞുവീഴാറായ ഉത്തരം ഉണ്ടായിരിക്കാം.  നാലുചുറ്റും ഇടിഞ്ഞുവീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം. പക്ഷെ ആകാശത്തോളം സ്വപ്നം കാണുക.. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തിൽ എത്താം..

Leave a Reply

Your email address will not be published.